കാസർകോട്: മൂർഖൻപാമ്പിന്റെ കടിയേറ്റ് മരിച്ച പെർള കജംപാടി സ്‌കൂളിനു സമീപത്തെ കാന്തപ്പ - കുസുമ ദമ്പതികളുടെ മകൻ ദീപക്കിന്റെ വീട്ടിൽ ഉന്നത ഉദ്യോഗസ്ഥർ ആരും തിരിഞ്ഞു നോക്കുകയോ സഹായം എത്തിക്കുകയോ ചെയ്യാത്ത സംഭവത്തിലും പട്ടികജാതി കോളനിയുടെ വികസനത്തിൽ അലംഭാവം കാണിക്കുന്നുവെന്ന പരാതിയെ കുറിച്ചും ജില്ലാ കളക്ടർ ജില്ല പട്ടികജാതി വികസന ഓഫീസറോട് റിപ്പോർട്ട് തേടി.
'കേരളകൗമുദി' വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അടിയന്തര റിപ്പോർട്ട് തേടിയത്.
പാമ്പ് കടിയേറ്റ് പിഞ്ചു ബാലൻ മരിച്ചിട്ടും കോളനി വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം ഉയർന്നിട്ടും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരൊന്നും അവിടേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ രൂപവാണി ആർ. ഭട്ട് അറിയിച്ചതു പ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥർ കോളനിയിൽ എത്തി പാമ്പ് കടിയേറ്റതിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.
ശനിയാഴ്ച പുലർച്ചെ മൂന്നരമണിയോടെ കിടക്കപ്പായയിൽ കുട്ടി നിലവിളിക്കുന്നത് കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് മൂർഖൻപാമ്പിനെ കണ്ടത്. ഉടൻ തന്നെ പാമ്പിനെ തല്ലിക്കൊന്ന് കുട്ടിയെ ബദിയടുക്കയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.
സ്ഥലത്തുപോയി കോളനിയിലെ പ്രശ്‌നങ്ങൾ പഠിച്ച് വേണ്ടതുചെയ്യണമെന്നും കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും ജില്ല പട്ടികജാതി വികസന ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ട്
ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു