ബാധിക്കുന്നത് 20000 തൊഴിലാളികളെ

300 ക്വാറികളുടെ ഖനനാനുമതി റദ്ദാക്കി

200 അപേക്ഷകൾ കെട്ടിക്കിടക്കുന്നു

കണ്ണൂർ:ചെങ്കൽ വ്യവസായ മേഖലയോടുള്ള ജില്ലാ ഭരണകൂടത്തിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് ചെങ്കൽ വ്യവസായ അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം ചെങ്കൽ -ക്വാറി മേഖലയെ അനിശ്ചിതത്വത്തിലാക്കി.തിങ്കളാഴ്ച്ച ആരംഭിച്ച സമരത്തിന്റെ ഭാഗമായി ജില്ലയിലെ പലഭാഗത്തായുള്ള ചെങ്കൽ ക്വാറികൾ സ്തംഭിച്ചിരിക്കുകയാണ്. സമരത്തെ തുടർന്ന് നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിലായി.ചെങ്കൽ ക്വാറികൾക്ക് എത്രയും പെട്ടെന്ന് ജിയോളജി വകുപ്പിന്റെ അനുമതി നൽകുക,ഇ.സി പെ‌ർമിറ്റുകൾ പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.

20,000ത്തോളം തൊഴിലാളികളെ നേരിട്ടു ബാധിക്കുന്ന പ്രതിസന്ധിയാണ് ജില്ലാ ഭരണകൂടത്തിന്റെ നിലവിലെ സമീപനമെന്നാണ് ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ജില്ലയിൽ എഴുന്നൂറോളം ചെങ്കൽ ക്വാറികളാണ് നിലവിലുള്ളത്. ഇവയിൽ മിക്കതിന്റെയും ഖനനാനുമതി റദ്ദാക്കിയിരിക്കുകയാണ്. ഖനനാനുമതി പുതുക്കി നൽകേണ്ട ജില്ലാതല സമിതി പിരിച്ചുവിട്ടു. അനുവദിക്കപ്പെട്ട മുന്നൂറോളം പെർമിറ്റ് പുതുക്കാൻ സാധിക്കാതെയും 200ലധികം പുതിയ അപേക്ഷകളാണ് കളക്ടറേറ്റിൽ കെട്ടികിടക്കുന്നത്. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ സാങ്കേതിക വിദഗ്ദരുടെ അപര്യാപ്തതമൂലം നാഷണൽ ഗ്രീൻ ട്രിബ്യൂണൽ ഡിയോ കമ്മിറ്റികൾ സസ്‌പെൻഡ് ചെയതതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും ഭാരവാഹികൾ ആരോപിച്ചു.

പിഴ ഇനത്തിൽ ഈടാക്കുന്നത് ലക്ഷങ്ങൾ

തലശേരി, തളിപറമ്പ് ആർ.ഡി.ഒമാരുടെ നേതൃത്വത്തിൽ പുതിയ സ്‌പെഷ്യൽ സ്‌ക്വാഡ് ഖനന മേഖലകളിൽ നടത്തിയ പരിശോധനയിൽ വാഹനങ്ങൾ പിടിച്ചെടുക്കുകയും പണകൾ അളന്നു തിട്ടപ്പെടുത്തി ലക്ഷകണക്കിനു രൂപയുടെ ഫൈൻ ഈടാക്കുന്ന നടപടിയാണുണ്ടാകുന്നത്. കൂടാതെ ഖനനമേഖലയിൽ നിന്നു പോകുന്ന വാഹനങ്ങൾ വ്യാപകമായി പൊലീസ് പിടിച്ചു 50,000 രൂപ പിഴ ഈടാക്കുകയും മൂന്നു മാസത്തിലധികം വാഹനം പിടിച്ചിടുന്ന സ്ഥിതിയാണെന്നും ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

തികച്ചും മോശമായ സമീപനാണ് ജില്ലാ ഭരണ കൂടം ചെങ്കൽ ക്വാറി മേഖലയോട് കാണിക്കുന്നത്.പെർമിറ്റുകൾ പുതുക്കി നൽകാത്തതിനെ തുടർന്ന് നിരവധി അപേക്ഷകളാണ് നിലവിൽ കെട്ടിക്കിടക്കുന്നത്.നിരവധി ക്വാറികളുടെ ഖനനാനുമതി റദ്ദാക്കുകയുെ ചെയ്തു.ഈ സമീപനം ജില്ലയിലെ തൊഴിലാളികളെയാകെ പട്ടിണിയിലാക്കുകയാണ്.

കെ.മണികണ്ഠൻ,

ചെങ്കൽ വ്യവസായ സംസ്ഥാന സെക്രട്ടറി

കളക്ടറേറ്റ് ധർണ്ണ നടത്തി

ജില്ലാ ഭരണകൂടത്തിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ ചെങ്കൽ വ്യവസായ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പി.തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.ജോസ് നടപ്പുറം,സദാനന്ദൻ,രാമകൃഷ്മൻ എന്നിവർ പ്രസംഗിച്ചു.