പയ്യാവൂർ: ജന ജീവിതം ദുസ്സഹമാക്കി അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാം അടച്ചു പൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും അടച്ചുപൂട്ടാതെ പ്രവർത്തിക്കുന്ന പന്നിഫാമിലെ പന്നികളെ പരസ്യമായി ലേലം ചെയ്ത് വിറ്റ് ഫാം അടച്ചുപൂട്ടുന്ന നടപടിയുമായി പയ്യാവൂർ ഗ്രാമ പഞ്ചായത്ത്.
ചമതച്ചാലിനടുത്തുള്ള മലമുകളിലാണ് യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാതെയും യാതൊരു അനുമതിയും വാങ്ങാതെയും ആറുമാസം മുമ്പ് പന്നിഫാം പ്രവർത്തനം തുടങ്ങിയത് . പഴയ ഒരു വീട്ടിലായിരുന്നു ഫാം ആരംഭിച്ചത്. വേസ്റ്റ് ടാങ്ക് നിർമിക്കുന്നതിനു പകരം വീട്ടിലെ തുറന്നകിണർ വേസ്റ്റ് ടാങ്കാക്കി. മഴക്കാലം തുടങ്ങിയതോടെ കിണർ നിറഞ്ഞ് പന്നികളുടെ വിസർജനമുൾപ്പെടെയുള്ള വേസ്റ്റ് പുറത്തേക്ക് ഒഴുകാൻ തുടങ്ങി കുന്നിൻ മുകളിൽ നിന്നും വേസ്റ്റ് ഒഴുകി റോഡിലും താഴ്ന്ന പ്രദേശത്തുള്ളവരുടെ വീടുകളിലും കിണറുകളിലും തോടുകളിലും എത്തിയതോടെ ജനങ്ങൾ പരാതിയുമായി പഞ്ചായത്തിനെയും ആരോഗ്യ പ്രവർത്തകരെയും സമീപിച്ചു .ആരോഗ്യ വകുപ്പും പഞ്ചായത്തും നടത്തിയ പരിശോധനയെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് ഫാം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിട്ടും ഫാം പ്രവർത്തനം നിർത്താൻ തയ്യാറായില്ല .
തുടർന്ന് പഞ്ചായത്ത് ഭരണസമിതി അടിയന്തിര യോഗം ചേർന്ന് ഫാം അടച്ചുപൂട്ടാൻ നിർദ്ദേശിക്കുവാനും അല്ലാത്തപക്ഷം പന്നികളെ ലേലം ചെയ്ത് വിറ്റ് ഫാം അടച്ചുപൂട്ടാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി .ഭരണ സമിതി തീരുമാനവും അനുസരിക്കാൻ ഫാം ഉടമകൾ തയ്യാറാകാതെ വന്നതോടെയാണ് ഈ മാസം ഇരുപതാം തീയതി ഫാമിലെ പന്നികളെ പരസ്യമായി ലേലം ചെയ്യുമെന്നറിയിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് ഇറക്കിയത്. 20 ന് രാവിലെ 11 മണിക്ക് ഫാം പരിസരത്ത് വെച്ചാണ് ലേലം ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തധികൃതർ ജില്ലാ പൊലീസ് സൂപ്രണ്ടിനു കത്ത് നൽകിയിട്ടുണ്ട്.