ഇരിട്ടി: മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന മുണ്ടയാംപറമ്പ് ഇടത്തിന്റെയും (പാട്ടാളിഇടം), അന്നപ്രസാദം നൽകുന്ന അഗ്രശാലയുടെയും (ഊട്ടുപുര) പടിക്കത്തിറ തുടങ്ങിയവ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനവും ധനശേഖരണവും ക്ഷേത്രത്തിൽ നടന്നു . ഊട്ടുപുരഅടങ്ങുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ടി.എം. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു . പൊന്നൻ പാട്ടാളി ആയാടത്തിൽ കുഞ്ഞിക്കണ്ണൻ നായർ ദീപപ്രോജ്വലനം നടത്തി. കെട്ടിട സമുച്ചയത്തിന്റെ ധനസാമാഹരണത്തിന്റെ ഭാഗമായുള്ള ആദ്യതുക പ്രശസ്ത സിനിമാതാരം കവിയൂർ പൊന്നമ്മ കനകത്തിടം കുടുംബത്തിനുവേണ്ടി കെ. ഭവാനിയിൽ നിന്നും ഏറ്റുവാങ്ങി. മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി. കമ്മിഷണർ പി.ടി. വിജയി അനുഗ്രഹഭാഷണം നടത്തി. പാരമ്പര്യ ട്രസ്റ്റി പ്രതിനിധി കെ. കുഞ്ഞിമാധവൻ ,എക്‌സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.എം.വേണുഗോപാൽ, വൈസ് പ്രസിഡന്റ് സി.കെ.സുധാകരൻ, പി.കെ. പ്രഭാകരൻ മാസ്റ്റർ , ബാലകൃഷ്ണൻ പതിയിൽ , റോസമ്മ രാജൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രകമ്മിറ്റി സെക്രട്ടറി എം.ആർ. സുരേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.പി. അനിൽകുമാർ നന്ദിയും പറഞ്ഞു.