കണ്ണൂരിൽ മാത്രം ജോലി നഷ്ടപ്പെട്ടത് 150 പേർക്ക്
തലശ്ശേരി: ഒൻപത് മാസം മുമ്പ് കോടതിവിധിയുടെ പശ്ചാത്തലത്തിൽ പിരിച്ചുവിടപ്പെട്ട കെ.എസ്.ആർ.ടി.സി.എം പാനൽ ജീവനക്കാരിൽ ബഹുഭൂരിഭാഗവും ഇപ്പോഴും കരകാണാക്കയത്തിൽ. പൊടുന്നനെ ജോലി നഷ്ടപ്പെട്ട ഇവരുടെ കാര്യത്തിൽ ആദ്യഘട്ടത്തിൽ ഇടപെട്ട തൊഴിലാളി യൂണിയനും സർക്കാരും ഇപ്പോൾ മൗനത്തിലാണ്.
തങ്ങൾക്ക് മാനുഷിക പരിഗണന പോലും ലഭിച്ചില്ലെന്ന പരിദേവനമാണ് ഇവർക്കുള്ളത്.
കണ്ണൂർ ജില്ലയിൽ മാത്രം150 ഓളം പേർക്കാണ് ഇത്തരത്തിൽ ജോലി നഷ്ടപ്പെട്ടത്.നല്ലൊരു ജോലിയും വരുമാനവും ഇല്ലാതെ ജിവിത ദുരിതം പേറി വരുന്നത്. ഇതിൽ നാൽപ്പതോളം പേർ തലശ്ശേരിക്കാരാണ്. ഇവരിൽ ചുരുക്കം പേർക്ക് കരാർ അടിസ്ഥാനത്തിൽ വല്ലപ്പോഴും ഡ്യൂട്ടി കിട്ടും. മറ്റുള്ളവരുടെ നില തീർത്തും പരിതാപകരമാണ്. തങ്ങളുടെ അഭിപ്രായങ്ങളും യഥാർത്ഥ വസ്തുതകളും പരിഗണിക്കാതെയും കേൾക്കാതെയും ഏകപക്ഷീയമായ വിധിയാണ് ഹൈക്കോടതിയിൽ നിന്നും പുറത്ത് വന്നതെന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടർമാർ അന്നും ഇന്നും വിശ്വസിക്കുന്നു . ഇക്കാര്യത്തിൽ യൂണിയനുകളുടെ ഇടപെടലുകളും ഫലപ്രദമായില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട് .വ്യവസായ ട്രൈബ്യൂണലിലാണ് ഇനിയുള്ള പ്രതീക്ഷ .
പരാധീനതയ്ക്ക് നടുവിൽ
അഞ്ചും പത്തും വർഷം സർവ്വീസുള്ളവരാണ് ഒഴിവാക്കപ്പെട്ടവരിൽ കൂടുതലും. ഇവരിൽ പലരും കുടുംബത്തിലെ ഏകവരുമാനസ്രോതസുകളാണ്. വിവാഹത്തിന് ഒരുക്കം കൂട്ടുന്നതിനിടയിൽ ജോലി പോയവരുമുണ്ട്.
പ്രതീക്ഷയറ്റ് നിരാശയിലാണ്ട അവസ്ഥയിലാണ് ഇവരിൽ ഭൂരിഭാഗവും.