കണ്ണൂർ: കണ്ണൂരിൽ നിന്നു കുവൈറ്റിലേക്കുള്ള ഗോ എയറിന്റെ വിമാന സർവ്വീസ് ഇന്ന് തുടങ്ങും.എയർ ബസ് എ- 320 വിമാനമാകും സർവ്വിസ് നടത്തുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് ആദ്യ സർവ്വീസ്. മുഴുവൻ സീറ്റുകളും ഇതിനകം ബുക്ക് ചെയ്തതായി ഗോ എയർ വൈസ് പ്രസിഡന്റ് സമിർ പാട്ടീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ടിക്കറ്റ് നിരക്കുകളാണ് ഗോ എയർ പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ നിരക്കുകളുമുൾപ്പടെ 6999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഏഴിന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 9.30ന് കുവൈറ്റിലെത്തും. ഇതേ വിമാനം രാവിലെ 10.30ന് തിരിച്ച് പ്രാദേശിക സമയം വൈകിട്ട് 6ന് കണ്ണൂരിലെത്തും. ഇന്ന് നടക്കുന്ന ഫ്ളാഗ് ഓഫ് ചടങ്ങിൽ കിയാൽ എം.ഡി വി.. തുളസീദാസ് മുഖ്യാതിഥിയായിരിക്കും.
ഗോ എയറിന്റെ ഗൾഫിലുള്ള നാലാമത്തെ ലക്ഷ്യസ്ഥാനമാണ് കുവൈറ്റ്. മസ്കറ്റ്, അബുദാബി,ദുബായ് എന്നീ കേന്ദ്രങ്ങൾക്ക് പിന്നാലെ കുവൈറ്റിലേക്കു കൂടി സർവ്വീസ് ആരംഭിച്ചത്.ഇതോടെ ഗോ എയറിന്റെ ആഭ്യന്തരവും അന്തർദേശീയവുമായ പ്രവർത്തന കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറുന്ന സാഹചര്യത്തിലാണ് ഗോ എയർ കുവൈറ്റ് സർവ്വീസ് തുടങ്ങുന്നതെന്നും സമിർ പാട്ടിൽ പറഞ്ഞു.അന്താരാഷ്ട്ര സർവ്വീസ് ആരംഭിച്ചതിനു പിന്നാലെ ഗോ എയർ ഇക്കഴിഞ്ഞ പത്ത് മാസത്തിനിടെ 16 വിമാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പുതിയ സർവ്വീസ് ആരംഭിക്കുന്നതോടെ ഗോ എയർ രാജ്യാന്തര ഓപ്പറേഷൻ നടത്തുന്ന എട്ടാമത്തെ വിമാനത്താവളമായി കണ്ണൂർ മാറിയിരിക്കുകയാണെന്നും കണ്ണൂരിൽ നിന്നും സിങ്കപ്പൂരിലേക്ക് ഉടൻ സർവ്വീസ് തുടങ്ങുമെന്നും സമിർ പാട്ടീൽ പറഞ്ഞു.
ഗോ എയർ 300 പ്രതിദിന വിമാന സർവ്വീസുകൾ വഴി ഇക്കഴിഞ്ഞ ജൂലായിൽ 13.26 ലക്ഷം യാത്രക്കാരെ വഹിച്ചിട്ടുണ്ട്. അഹമ്മദബാദ്, ബംഗ്ളൂരു, ഭുവനേശ്വർ, ചണ്ഡിഗണ്ഡ്, ചൈന, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരബാദ്, ജയ്പൂർ, കൊൽക്കത്ത, ജമ്മു, കൊച്ചി, പുനെ, റാഞ്ചി, ശ്രീനഗർ, പാറ്റ്ന, പോർട്ട് ബ്ളെയർ എന്നിവിടങ്ങളിലേക്കും ഗോ എയറിന് ആഭ്യന്തര സർവ്വീസുകളുണ്ട്. വൈസ് പ്രസിഡന്റ് ( ഓപ്പറേഷൻസ്) അർജുൻ ദാസ് ഗുപ്ത, കിയാൽ എം..ഡി വി.. തുളസീദാസ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു..