കാഞ്ഞങ്ങാട്: ബിരുദ പഠനം കഴിഞ്ഞ് സിവിൽ സർവീസ് സ്വപ്നം കണ്ടിരിക്കുന്നവർക്ക് കാഞ്ഞങ്ങാട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ സിവിൽ സർവീസ് അക്കാഡമിയും അനുബന്ധ സൗകര്യങ്ങളും വരുന്നു. കെട്ടിടം പണിയുന്നതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനെ ചുമതലപ്പെടുത്തി ഉത്തരവായി.
അക്കാഡമിക്ക് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ വി.വി.രമേശൻ മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖേന വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ബജറ്റിൽ സിവിൽ സർവീസ് അക്കാഡമിക്ക് സ്വന്തമായി കെട്ടിടം ഉണ്ടാക്കാൻ ഒരുകോടി രൂപ വകയിരുത്തിയിരുന്നു. പുതിയ കെട്ടിടത്തിൽ വിപുലമായ ലൈബ്രറിയും വൈഫൈയും ഇന്റർനെറ്റ് സൗകര്യവും ഉണ്ടായിരിക്കും.
ഓരോ വർഷവും 25 പേരെയെങ്കിലും സിവിൽ സർവീസ് പരീക്ഷയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യം പൂർത്തികരിക്കാനാണ് സർക്കാർ എല്ലാ ജില്ലകളിലും സിവിൽ സർവീസ് അക്കാഡമി സ്ഥാപിക്കുന്നത്.
2017 ലാണ് ചെമ്മട്ടം വയലിലെ സയൻസ് പാർക്കിൽ സിവിൽ സർവീസ് അക്കാഡമി ആരംഭിച്ചത്. സ്വന്തമായി കെട്ടിട സൗകര്യം ഉണ്ടാവുന്നത് വരെ നഗരസഭ സൗജന്യമായാണ് അക്കാഡമി പ്രവർത്തനത്തിന് കെട്ടിടം വിട്ടു നൽകിയത്. അതുവഴി കഴിഞ്ഞ രണ്ടുവർഷമായി നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സിവിൽ സർവീസിന്റെ ഫൗണ്ടേഷൻ കോഴ്‌സുകൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുന്ന പദ്ധതിക്ക് കാഞ്ഞങ്ങാട് നഗരസഭയിൽ അനുയോജ്യമായ സ്ഥലസൗകര്യം ഏർപ്പെടുത്തും
ചെയർമാൻ വി.വി രമേശൻ
കാഞ്ഞങ്ങാട്ടെ നിലവിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് അക്കാഡമി കെട്ടിടം