70 പേരിൽ നിന്ന് തട്ടിയത് മൂന്നുകോടി
പയ്യന്നൂർ: കാഞ്ഞങ്ങാട് മാവുങ്കാലിൽ 'ക്യു ലൈൻസ് ഇ കൊമേഴ്സ്" ചാരിറ്റി ട്രസ്റ്റിന്റെ മറവിൽ ഓൺലൈൻ നിക്ഷേപത്തിലൂടെ കോടികൾ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് ഇരിയ സ്വദേശി പി. ബാലദാസ് (31), കെ. പ്രജീഷ് (30), കെ. സുധീഷ് (27) എന്നിവരാണ് പിടിയിലായത്. 70 പേരിൽ നിന്ന് മൂന്നു കോടി രൂപയാണ് ഇവർ തട്ടിയെടുത്തത്. അന്നൂർ കിഴക്കേ കൊവ്വലിലെ എം.കെ. രജിലിന്റെ പരാതിയിൽ പയ്യന്നൂർ പൊലീസാണ് കേസന്വേഷിക്കുന്നത്.
സ്ഥാപനത്തിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനത്തിനെതിരെ അഞ്ച് പരാതികളും ലഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. തുടർന്ന് മാവുങ്കാലിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. മണിചെയിൻ മാതൃകയിലുള്ള നെറ്റ്വർക്ക് സംവിധാനത്തിലൂടെയാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. ഒരു ലക്ഷം മുതൽ 8 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്.
മറ്റ് പ്രതികളായ ക്യു ലൈൻസ് ഇ കൊമേഴ്സ് ഉടമ കാഞ്ഞങ്ങാട് ഇരിയ സ്വദേശി കെ. വേണുഗോപാൽ (36), ഇ. വിനോദ് കുമാർ (33) എന്നിവർ ഒളിവിലാണ്. എത്രയും വേഗം മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യുമെന്നും സമാന കേസുകളിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ അറിയിച്ചു.