railway-gate
കൊടുവള്ളി - മമ്പറം റോഡിലെ റെയി​ൽവേ ഗേറ്റ് അടയുമ്പോഴുള്ള വാഹനത്തി​രക്ക്

മുടക്കം നവംബറിൽ തറക്കല്ലിടാൻ നിശ്ചയിച്ചിരിക്കെ

തലശ്ശേരി: കൊടുവള്ളി- മമ്പറം റോഡിലെ റെയി​ൽവേ ഗേറ്റ് അടഞ്ഞാൽ ദേശീയ പാതയി​ൽ ഗതാഗതം നി​ലയ്‌ക്കും. സ്ഥലമെടുപ്പിൽ തട്ടി നിർദ്ദിഷ്ട കൊടുവള്ളി റെയിൽവേ മേൽപ്പാലം വഴിമുട്ടിയതിനാൽ ഈ ദുരവസ്ഥ ഇനിയും ഏറെക്കാലം അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ഇവിടുത്തുകാർ.

നിർദ്ദിഷ്ട പാലത്തിന് അടുത്ത മാസം തറക്കല്ലിടാൻ ഒരുങ്ങി​യതാണ് ഏഴ് സ്ഥലം ഉടമകൾ നഷ്ടപരിഹാര സംഖ്യ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി​ കോടതി​യെ സമീപി​ച്ചിരിക്കുന്നത്. അഞ്ച് വീട്ടുകാരും ഒരു മരക്കമ്പനിയുടമയും വാഹന ഷോറൂം കെട്ടിട ഉടമയുമാണ് കോടതി​യെ സമീപി​ച്ചത്. നിലവിലുള്ള മാർക്കറ്റ് നിരക്കിൽ കൂടുതൽ പണം വേണമെന്നും ആവശ്യപ്പെട്ടാണ് റിട്ട് ഹരജി സമർപ്പി​ച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മി​ഷനെ ചുമതലപ്പെടുത്തി. കമ്മി​ഷൻ അംഗങ്ങൾ കൊടുവള്ളിയിലെത്തി ഹർജിക്കാരിൽ നിന്ന് തെളിവെടുത്തു. ഇവരുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും ഭൂമി ഏറ്റെടുക്കൽ.
2017 ആഗസ്തി​ൽ സ്ഥലം ഏറ്റെടുക്കൽ നടപടി തുടങ്ങി​യി​രുന്നു. ദേശിയ പാതയിൽ ആമുക്ക പള്ളിക്ക് എതിർവശം കാർ ഷോറും പരിസരത്ത് നിന്ന് തുടങ്ങി മമ്പറം റോഡിൽ തലശ്ശേരിയിലേക്കുള്ള വഴിയിൽ ഇല്ലിക്കുന്ന് റെയിൽവെ സിഗ്‌നൽ ലൈറ്റിനടുത്ത് ചെന്നുചേരുന്നതാണ് നിർദ്ദിഷ്ട മേൽപാലത്തിന്റെ രൂപരേഖ. വഴിയിൽ 22 പേരുടെ 156 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇവരിൽ പലരും ഇതിനകം നഷ്ടപരിഹാരം സ്വീകരിച്ച് ഭൂമി വിട്ടു നൽകിയതായി അറിയുന്നു. പ്രശ്‌നത്തിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായാൽ ഇവർക്കും പുതിയ നിരക്കിൽ നഷ്ട പരിഹാരത്തിന് അർഹതയുണ്ടാവുമെന്നാണ് അറി​യുന്നത്.

വിട്ടുകിട്ടണം

22 പേരിൽ നിന്ന് 156 ഏക്കർ സ്ഥലം

അഞ്ചുപേരുടെ ഹരജി ഹൈക്കോടതിയിൽ

കമ്മിഷൻ റിപ്പോർട്ട് പരിഗണിച്ച് മാത്രം തീർപ്പ്

കൊടുവള്ളി - മമ്പറം റോഡിലെ റെയി​ൽവേ ഗേറ്റ് അടയുമ്പോഴുള്ള വാഹനത്തി​രക്ക്