കാസർകോട്: ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ മതിയായ അളവിലും മിതമായ നിരക്കിലും എത്തിച്ച് സമൂഹത്തിൽ ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്താൻ നടപടികളുമായി സംസ്ഥാന ഭക്ഷ്യ കമ്മിഷൻ. ഇതിന്റെ ഭാഗമായി ഭക്ഷ്യ ഭദ്രതാ നിയമത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് വിശദീകരിക്കുന്നതിനായി കളക്ടറേറ്റ് ഹാളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 2013ൽ രാജ്യത്ത് നിലവിൽ വന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ രൂപീകരിച്ചതെന്നും തെറ്റുകൾ കണ്ടെത്തുന്നതിനേക്കാളുപരി വസ്തുതകൾ പരിശോധിച്ച് ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതിനാണ് കമ്മീഷൻ മുഖ്യ പരിഗണന നൽകുന്നതെന്നും കമ്മിഷൻ ചെയർമാൻ കെ.വി മോഹൻ കുമാർ പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്നവർക്കെതിരേ മാത്രമേ കമ്മിഷൻ നടപടി സ്വീകരിക്കുകയുള്ളൂവെന്നും അവശ വിഭാഗങ്ങളുൾപ്പെടെയുള്ള സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നതിനായിരിക്കും കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തെയും ചട്ടങ്ങളെയും കുറിച്ച് കമ്മീഷൻ അംഗം അഡ്വ. ബി. രാജേന്ദ്രൻ വിശദീകരിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും നൽകിവരുന്ന വിവിധ പോഷകാഹാര പദ്ധതികളെ കുറിച്ച് ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിലെ റേഷൻ വിതരണ സംവിധാനത്തെ കുറിച്ച് ജില്ലാ സപ്ലൈ ഓഫീസർ കെ. സുൾഫിക്കർ, ജില്ലയിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിനിധി എന്നിവർ വിശദീകരിച്ചു. റേഷൻ കട ഡീലർമാർ, സംഘടനാ പ്രതിനിധികൾ തങ്ങളുടെ പ്രശ്‌നങ്ങൾ കമ്മീഷനെ ബോധിപ്പിച്ചു.

7 അംഗങ്ങൾ

ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരമാണ് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ രൂപീകരിച്ചിട്ടുള്ളത്. ചെയർമാനും മെമ്പർ സെക്രട്ടറിയുമടക്കം ഏഴ് അംഗങ്ങളാണ് കമ്മിഷനിലുള്ളത്. കമ്മിഷന് അർദ്ധ ജുഡീഷ്യൽ അധികാരമുണ്ട്. ഇതു പ്രകാരം കമ്മിഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളിൽ സ്വമേധയാ അന്വേഷണം നടത്തുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്യാം. ആവശ്യമായ ഘട്ടങ്ങളിൽ ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തി തെളിവെടുപ്പു നടത്തുകയും പിഴ വിധിക്കാനും അധികാരമുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി പൊതുവിതരണ വകുപ്പ്, ശിശക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുമായി ബന്ധപ്പെടും.