നീലേശ്വരം: ദേശീയ പാത പള്ളിക്കരയിൽ 2018 നവംബറിൽ ആരംഭിച്ച റെയിൽവെ മേല്പാലത്തിന്റെ പണി നിലച്ചു. 40 പില്ലറുകൾ വേണ്ടിടത്ത് രണ്ട് പില്ലറുകൾ മാത്രമാണ് പൂർത്തിയായത്. കരാർപ്രകാരം 2021 ഡിസംബറിലാണ് നാലുവരിപ്പാതയുടെ പണി പൂർത്തീകരിക്കേണ്ടത്.
നീണ്ട മുറവിളിക്കും സമരകോലാഹലങ്ങൾക്കും ശേഷമാണ് പള്ളിക്കരയിൽ റെയിൽവെ മേല്പാലത്തിന് അനുമതി ലഭിച്ചത്. 58 കോടി രൂപ ചെലവിലാണ് പള്ളിക്കരയിൽ നാലുവരിപാതയിൽ മേല്പാലം പണിയുന്നത്. മുംബെയ്ക്കും തിരുവനന്തപുരത്തിനുമിടയിൽ പള്ളിക്കരയിൽ മാത്രമാണ് നിലവിൽ റെയിൽവെ ഗേറ്റുള്ളത്. മേല്പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് പള്ളിക്കരയിൽ രാവിലെയും വൈകുന്നേരങ്ങളിലും മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. റെയിൽ പാളത്തിന്റെ രണ്ടു ഭാഗത്തുള്ള കുഴികളും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്.
എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് മേല്പാത്തിന്റെ കരാറേറ്റെടുത്തത്. പ്രവർത്തനോദ്ഘാടന സമയത്ത് കാലാവധിക്ക് മുമ്പ് തന്നെ മേല്പാത്തിന്റെ പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ പറഞ്ഞിരുന്നു.
റെയിൽവെ അധികാരികളുടെ അംഗീകാരം കിട്ടാത്തതാണ് പണിതാൽക്കാലികമായി നിർത്തിവയ്ക്കാൻ കാരണം. ഈ വിഷയം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അദ്ദേഹം അടുത്ത് തന്നെ പള്ളിക്കരയിൽ വരുന്നുണ്ടെന്നും റെയിൽ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് യാതൊരു വിവരവുമുണ്ടായില്ല.
കരാറുകാരൻ
റെയിൽവെയുമായി ബന്ധപ്പെട്ടാണ് മേല്പാലത്തിന്റെ പണി നീളാൻ കാരണമെന്ന് കരാറുകാർ ശ്രദ്ധയിൽ പെടുത്തിയിരുന്നില്ല. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് റെയിൽവെ ചീഫ് മാനേജരുടെ സാന്നിദ്ധ്യത്തിൽ യോഗമുണ്ടായിരുന്നു. തന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിൽ ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുമായിരുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി
പള്ളിക്കര റെയിൽവെ മേല്പാലം പണി നിലച്ച നിലയിൽ