കാസർകോട്: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ എണ്ണക്കപ്പലിൽ നിന്ന് മോചിതനായ മലയാളി ജീവനക്കാരൻ പി. പ്രജിത് (28) ഉദുമ കൊക്കാൽ നമ്പ്യാർ കീച്ചിലെ വീട്ടിലെത്തി. മംഗളൂരു വിമാനത്താവളത്തിലൂടെ ഇന്നലെ പുലർച്ചെയാണ് പ്രജിത് നാട്ടിലെത്തിയത്. റിട്ടയേർഡ് ബാങ്ക് ജീവനക്കാരനായ പിതാവ് പുരുഷോത്തമനും അമ്മ ശ്രീജയും മകനെ സ്വീകരിച്ചു. സന്തോഷം പങ്കിടാൻ സുഹൃത്തുക്കളും നാട്ടുകാരും ഇന്നലെ ഉദുമയിലെ വീട്ടിലെത്തിയിരുന്നു. കപ്പലിലെ ആറു മാസത്തെ കരാർ അവസാനിപ്പിച്ചാണ് പ്രജിത് തിരിച്ചെത്തിയത്
ബ്രിട്ടൻ വിട്ടയച്ച ശേഷം പ്രജിത്തടക്കമുള്ള 28 ജീവനക്കാരും ലെബനനിലായിരുന്നു. ഉക്രെയിനിൽ നിന്നുള്ള രണ്ടുപേരും മൂന്ന് മലയാളികൾ അടക്കം 26 ഇന്ത്യക്കാരുമാണ് ഒപ്പമുണ്ടായത്. രേഖകളെല്ലാം ശരിയായിട്ടും ഒരു മാസം സ്പെയിനിന്റെ അതിർത്തിയായ ജിബ്രാൾട്ടറിൽ കപ്പലിന് കിടക്കേണ്ടിവന്നു. രണ്ടുദിവസമാണ് ബ്രിട്ടീഷ് പട്ടാളം ഉണ്ടായിരുന്നത്. പിന്നീട് ജിബ്രാൾട്ടർ പൊലീസിന് കൈമാറി. പൊലീസും അടുത്ത ദിവസം തിരിച്ചുപോയി. ഞങ്ങളെല്ലാം സ്വതന്ത്രരായിരുന്നു. ഒരു ഭയവുമുണ്ടായില്ല. ഇതെല്ലം സാധാരണ സംഭവങ്ങളാണ് എന്ന് പറഞ്ഞു ആശ്വസിക്കുകയാണ് പ്രജിത്.
ഇറാൻ എണ്ണക്കപ്പലിലെ ഓയിൽ ടാങ്കിന്റെ തേർഡ് എൻജിനിയറായിരുന്നു പ്രജിത്. സംഭവത്തിന് മൂന്ന് മാസം മുമ്പാണ് പ്രജിത് ജോലിക്ക് ചേർന്നത്. മലപ്പുറം വണ്ടൂർ സ്വദേശി അജ്മൽ, ഗുരുവായൂർ സ്വദേശി റജിൻ എന്നിവരും നാട്ടിലെത്തിയിട്ടുണ്ട്.