ഇന്ന് മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച
ഇരിട്ടി: കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘം കൊട്ടിയൂർ, കേളകം, കണിച്ചാർ, ഉളിക്കൽ, പഞ്ചായത്തുകൾ, മട്ടന്നൂർ നഗരസഭ എന്നിവിടങ്ങളിലെത്തി.കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശ്, കൃഷി മന്ത്രാലയം ഡയറക്ടർ ഡോ കെ .മനോഹരൻ, ധന മന്ത്രാലയം ഡയറക്ടർ എസ്. സി. മീണ, ഊർജ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ഒ. പി. സുമൻ എന്നിവരടങ്ങുന്ന സംഘമാണ് മഴ കനത്ത നാശം വിതച്ച പ്രദേശങ്ങളിലെത്തിയത്.
കടകൾക്കും കൃഷിക്കും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായ കണിച്ചാറാണ് കേന്ദ്ര സംഘം ആദ്യം സന്ദർശിച്ചത്. ഭൂമി വിണ്ടുകീറിയതിനെ തുടർന്ന് വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ച കേളകം പഞ്ചായത്തിലെ ശാന്തിഗിരി, കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കി, ബാവലിപ്പുഴ വഴി മാറി ഒഴുകിയതിനെ തുടർന്ന് വീടുകൾക്ക് ഭീഷണിയാവും വിധം കരയിടിച്ചിലുണ്ടായ ചുങ്കക്കുന്ന് എന്നിവിടങ്ങളും സംഘം സന്ദർശിച്ചു.ഭാഗികമായി തകർന്ന നുച്യാട് പാലം, 10 മീറ്ററോളം നീളത്തിൽ പൂർണമായും തകർന്ന മട്ടന്നൂർ കാര കനാൽ റോഡ് എന്നിവയും സംഘം കണ്ടു. നാശനഷ്ടമുണ്ടായ വീടുകളുടെ ഉടമകളോടും പ്രദേശവാസികളോടും സംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു.

രാവിലെ ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയിലുണ്ടായ മഴക്കെടുതി യെകുറിച്ച് കളക്ടർ ടി .വി സുഭാഷ് വിശദീകരിച്ചു. ആൾനാശം,​ വീടുകൾ ,​റോഡുകൾ, പാലങ്ങൾ, കൃഷി, മത്സ്യ,​മൃഗസമ്പത്ത്, കടകൾ, വ്യവസായ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഇലക്ട്രിസിറ്റി ബോർഡ്, ജലസേചന വകുപ്പ് തുടങ്ങിയവയ്ക്കുണ്ടായ നഷ്ടം കേന്ദ്രസംഘത്തെ ബോധിപ്പിച്ചു. ജില്ലയിലെ മഴക്കെടുതി ദൃശ്യങ്ങളുടെ വീഡിയോ പ്രദർശനവും സംഘത്തിനായി നടത്തി.

കൈമാറിയ കണക്ക്

മരണം ​-11

വീട് (പൂർണമായി തകർന്നത് )​133

ഭാഗികം ​​- 2026


(ബൈറ്റ്)​

മഴക്കെടുതി മൂലം ജില്ലയിലെ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, കൃഷി തുടങ്ങിയവയ്ക്കുണ്ടായ നാശ നഷ്ടങ്ങൾ നേരിൽ കണ്ടു. മറ്റു ജില്ലകളിൽ സന്ദർശനം നടത്തുന്ന കേന്ദ്ര സംഘവുമായി ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തിയ ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാഴ്ചയ്ക്കകം കേന്ദ്ര സർക്കാരിന് പ്രളയ നഷ്ടത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കും-കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശ്

നിവേദനവുമായി ജില്ലാപഞ്ചായത്ത്
പ്രളയവും ഉരുൾപൊട്ടലും മൂലമുണ്ടായ നാശനഷ്ടം വിലയിരുത്താൻ ജില്ലയിലെത്തിയ കേന്ദ്ര സംഘത്തിന് ജില്ലാ പഞ്ചായത്ത് നിവേദനം നൽകി. ഉരുൾപൊട്ടലിൽ കൃഷിഭൂമിയാകെ ഒലിച്ചുപോകുന്ന സ്ഥിതിയാണ് മലയോര പ്രദേശങ്ങളിലുണ്ടായത്.ഇത്തരം ഭൂമി പൂർവ്വസ്ഥിതിയിലാക്കാൻ അധികസഹായം ലഭിക്കണം. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കണക്കാക്കുമ്പോൾ അനുഭാവ പൂർണമായ സമീപനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ പി ജയബാലൻ, വി കെ സുരേഷ്ബാബു എന്നിവർ ചേർന്ന് കലക്ടറേറ്റിലെത്തിയാണ് നിവേദനം നൽകിയത്.