കൂത്തുപറമ്പ്:കിണവക്കൽ അഞ്ചരക്കണ്ടി റോഡ് നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമായി.റോഡിന്റെ പുനർനിർമ്മാണം ഉടൻ നടത്തിയില്ലെങ്കിൽ സർവ്വീസ് നിർത്തിവെക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ബസ് തൊഴിലാളികൾ.കൂത്തുപറമ്പ് അഞ്ചരക്കണ്ടി റോഡിൽ പി.വി.എസ് മുതൽ വണ്ണാന്റെ മെട്ട വരെയുള്ള അഞ്ച് കിലോമീറ്ററോളം റോഡാണ് പൂർണ്ണമായും തകർന്നിട്ടുള്ളത്.

ഏഴ് കിലോമീറ്ററോളം വരുന്ന റോഡ് രണ്ടു ഘട്ടങ്ങളായി ടാറിംഗ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രവൃത്തി ഇഴഞ്ഞ് നീങ്ങുന്നതാണ് വാഹന ഗതാഗതത്തെ പ്രതിസന്ധിയിലാക്കിയത്.സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന റോഡിന്റെ കപ്പാറ മുതൽ വെള്ളപ്പന്തൽ വരെയുള്ള ഭാഗത്തെ ടാറിംഗ് പൂർത്തിയായെങ്കിലും ശേഷിക്കുന്ന അഞ്ചര കിലോമീറ്ററോളം ദൂരത്തെ പ്രവൃത്തിയാണ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്ന അവസ്ഥയിലുള്ളത്. നബാർഡ് പദ്ധതിയിലുൾപ്പെടുത്തി അഞ്ചു കോടിയോളം രൂപയായിരുന്നു റോഡ് നവീകരണത്തിന് നീക്കിവച്ചത്. ടാറിംഗിന് പുറമെ ഓവുചാൽ നിർമാണവും കലുങ്കു നിർമ്മാണവും ഉൾപ്പെടുന്നതായിരുന്നു പ്രവൃത്തി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഇവയുടെ നിർമ്മാണവും പൂർത്തിയാക്കാനായിട്ടില്ല. കലുങ്ക് നിർമ്മാണത്തിനായി റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ മുഴുവനായും റോഡ് തകർന്ന് വാഹനയാത്ര ദുഷ്‌കരമായിരിക്കുകയാണ്. ചെറുവാഹനങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്.

റോഡു തകർച്ച കാരണം മിക്കവാഹനങ്ങളും ഈ റോഡ് ഉപേക്ഷിച്ച് കിലോമീറ്ററുകളോളം അധികം സഞ്ചരിച്ച് മറ്റ് റോഡുകളിലൂടെ യാത്ര ചെയ്യണ്ട അവസ്ഥയാണുള്ളത്. യാത്രാദുരിതം ദുഷ്‌ക്കരമായപ്പോൾ മാസങ്ങൾക്കു മുമ്പ് ബസ് ഉൾപ്പെടെ വാഹനങ്ങൾ പ്രതിഷേധ സൂചകമായി ഈ റൂട്ടിൽ പണിമുടക്കിയിരുന്നു. പ്രവൃത്തി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ വീണ്ടും പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബസ് തൊഴിലാളികളുടെ തീരുമാനം. ഈ കാര്യം അറിയിച്ച് ബസുകളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.

ഇഴഞ്ഞുനീങ്ങുന്നത് 5 കിലോമീറ്റർ പ്രവൃത്തി