തൃക്കരിപ്പൂർ: ലക്ഷങ്ങൾ ചെലവിട്ടു നിർമ്മിച്ച മിനി സ്റ്റേഡിയം പരിചരണമില്ലാതെ കാടുകയറി നശിക്കുന്നു. തൃക്കരിപ്പൂർ പഞ്ചായത്തിലെ ആയിറ്റി മിനി സ്റ്റേഡിയമാണ് അകാല ചരമത്തിന്റെ വക്കിലെത്തി നിൽക്കുന്നത്.
കളിക്കളത്തിന്റെ അഭാവത മൂലം യുവതലമുറയുടെ കായികപരിശീലനം പലപ്പോഴും മുടങ്ങുന്നുവെന്ന പരാതി നിലനിൽക്കുമ്പോഴാണ് പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മൈതാനം നശിച്ചു കൊണ്ടിരിക്കുന്നത്.
ഏഴു വർഷങ്ങൾക്ക് മുമ്പാണ് പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ കായികപ്രേമികളുടെ ആവശ്യപ്രകാരം ആയിറ്റി ജംഗ്ഷന് സമീപത്തായി 100 മീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലുമായി സ്റ്റേഡിയം പണിതത്. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഫുട്ബാൾ, ബാഡ്മിന്റൺ തുടങ്ങിയ കായികപരിശീലനം നടന്നുവന്നിരുന്ന മൈതാനം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയെന്നും ആക്ഷേപമുണ്ട്. ഡ്രൈവിംഗ് പരിശീലനം നടത്തുന്നതും ചെങ്കല്ലും മണലും വഹിച്ചുകൊണ്ടുള്ള ലോറികൾ കടന്നു പോകുന്നതും പതിവായതോടെ മൈതാനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തിയിരിക്കയാണ്.
മഴക്കാലത്ത് തടാകമായി മാറുന്ന സ്റ്റേഡിയം മണലിട്ടുയർത്തി ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിക്കണം
കായികപ്രേമികളായ നാട്ടുകാർ
അനധികൃത നിർമ്മാണം തടഞ്ഞു
തൃക്കരിപ്പൂർ: ദൂരപരിധി ലംഘിച്ച് നടത്തുന്ന നിർമ്മാണം പഞ്ചായത്തധികൃതർ തടഞ്ഞു. തൃക്കരിപ്പൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാളിന്റെ മുൻവശത്തായുള്ള നിർമ്മാണത്തിനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
ഏറെ തിരക്കുള്ള റോഡുവക്കിലാണ് പഞ്ചായത്തിന്റെ നിയമം പാലിക്കാതെയുള്ള നിർമ്മാണം നടന്നിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ ഇടപെട്ടുവെങ്കിലും പ്രവർത്തി തുടർന്നതിനാൽ ഇന്നലെ വീണ്ടും പഞ്ചായത്തധികൃതർ എത്തി സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. റോഡിൽ നിന്ന് നിശ്ചിത അകലം പാലിക്കാത്തതിനാലാണ് നടപടി.