ഇരിട്ടി: ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ കാട്ടാന ചവിട്ടിക്കൊന്ന കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണത്തിലെ കാലതമാസത്തിൽ പ്രതിഷേധിച്ച് ആദിവാസികൾ പ്രിൻസിപ്പൽ വൈൽഡ് ലൈഫ് വാർഡനേയും ജനപ്രതിനിധികളേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചു. ആറളം വനാതിർത്തിയിലെ വന്യമൃഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് ജനപ്രതിനിധികളും ജീവനക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം വളയം ചാലിലെ വനം വകുപ്പിന്റെ ഓഫീസിൽ നിന്നും പുറത്തിറങ്ങവേയാണ് ആദിവാസികളും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധവും തടഞ്ഞുവെക്കലും അരമണിക്കൂറിലധികം നീണ്ടു.
യോഗം നടത്തി പോകുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ആനമതിൽ നിർമ്മിക്കുമെന്ന് പറഞ്ഞിട്ട് ഒരു വർഷമായി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കാൻ പല സാങ്കേതികത്വവും പറഞ്ഞ് ഏറെ കാലം നടത്തിക്കുന്നു. അനാഥമായ കുടുംബങ്ങൾക്ക് ജോലി വാഗ്ദാനമല്ലാതെ മറ്റൊന്നും നല്കുന്നില്ല. ആനയെപടിച്ച് കുട്ടികളെ സ്‌കൂളിൽ പോലും പറഞ്ഞു വിടാൻ പറ്റുന്നില്ല. നട്ടു നനച്ച് ഉണ്ടാക്കിയതുപോലും നശിപ്പിക്കപ്പെടുകയാണ്. ഇതേ നില ഇനിയും തുടരാനാകില്ലെന്ന് ഇവർ തറപ്പിച്ചു പറഞ്ഞു.
നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കണമെന്നും ആദിവാസികൾക്ക് ആവശ്യമായ സഹയങ്ങൾ നൽകാൻ വനം വകുപ്പ് ജീവനക്കാർ തെയ്യാറാകണമെന്നും വാർഡ് അംഗവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുംകൂടിയായ കെ. വേലായുധൻ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കുടുംബങ്ങളുടെ ആശ്രിതർക്ക് ജോലി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്ന ആധികൃതരുടെ ഉറപ്പിൻ മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
( പടം കാട്ടാന ചവിട്ടിക്കൊന്ന കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് ആദിവാസികൾ പ്രിൻസിപ്പൽ വൈൽഡ് ലൈഫ് വാർഡനേയും ജനപ്രതിനിധികളേയും തടഞ്ഞുവച്ച് പ്രതിഷേധിക്കുന്നു )