മാഹി: പ്രളയ ദുരിത നിവാരണ പ്രവർത്തനങ്ങൾക്കൊപ്പം പ്രളയം വരാതിരിക്കാനുള്ള ശാസത്രീയമായ ഇടപെടലുകളാണ് വേണ്ടതെന്ന് വിഖ്യാത നോവലിസ്റ്റ് എം .മുകുന്ദൻ അഭിപ്രായപ്പെട്ടു. പശ്ചിമഘട്ട സംരക്ഷണത്തിനായി മാഹിയിൽ ലോക് താന്ത്രിക് ജനതാദൾ യുവജന വിഭാഗം മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹരജിയിലേക്കുള്ള ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുയായിരുന്നു അദ്ദേഹം.
മറ്റ് സംസ്ഥാനങ്ങളിലൊക്കെ വിശാലമായ തരിശിടങ്ങളുണ്ട്. ജനനിബിഢമായ കേരളത്തിൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മഹാപ്രളയങ്ങൾക്ക് ശേഷവും കടുത്ത എതിർപ്പുകളെപ്പോലും വിഗണിച്ച് പുതിയ ക്വാറികൾക്ക് അനുവാദം ലഭിക്കുന്നത് രാഷ്ട്രീയ മാഫിയാ സംഘങ്ങളുടെ ശക്തമായ സ്വാധീനമാണ് വെളിവാക്കുന്നത്. ക്വാറികൾ ഇനിയെങ്കിലും കർശനമായി നിയന്ത്രിക്കപ്പെടണം. പരിസ്ഥിതി ലോല പ്രദേശങ്ങൾ ശാസത്രീയമായി രൂപകൽപന ചെയ്യപ്പെടണം. വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ ശാശ്വത പരാഹാരം ഉണ്ടാകണം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഇതിനുള്ള രൂപരേഖയായി നമുക്ക് മുന്നിലുണ്ടെന്ന് മുകുന്ദൻ ചൂണ്ടിക്കാട്ടി.
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒപ്പ് ശേഖരണ പരിപാടിയിൽ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഉത്തമൻ വേലിക്കോത്ത്, സെക്രട്ടറി കെ.പി.റിനിൽ, എൻ.കെ.അനിൽകുമാർ, ഹരീഷ് കടവത്തൂർ, റജീഷ്, ഷാജി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

ചിത്രം: ലോക് താന്ത്രിക് ജനതാദൾ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒപ്പ് ശേഖരണ പരിപാടി മാഹിയിൽ നോവലിസ്റ്റ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു