തളിപ്പറമ്പ്: നഗരത്തിലെ ഇലക് ട്രിക് ഷോപ്പിൽ കവർച്ച നടത്തിയ സംഭവത്തിൽ കൂട്ടുപ്രതികളായ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം അറസ്റ്റിലായ മഞ്ചുനാഥിന്റെ ഭാര്യാസഹോദരിമാരുടെ ഭർത്താക്കൻമാരായ ആന്ധ്രാപ്രദേശ് സ്വദേശി അന്തോണി (27), കല്ലാച്ചി രാജീവ് ഗാന്ധി കോളനിയിലെ ഉണ്ണിക്കുട്ടൻ എന്ന അഭിനാഷ് (20) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്.പി. ടി.കെ. രത്‌നകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
അന്തോണിയെ തൃശൂരിലെ പാലപ്പെട്ടിയിൽ വച്ചും അഭിനാഷിനെ കല്ലാച്ചിയിലെ വീട്ടിൽ വച്ചും പിടികൂടുകയായിരുന്നു.
മൈസൂരിൽ മോഷണത്തിനിടെ റിട്ടയേർഡ് എൻജിനീയറേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലും മോഷണത്തിനിടെ മറ്റൊരു കൊലപാതക ശ്രമത്തിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഈ മൂന്നുപേരും. രണ്ട് മാസം മാസം മുമ്പാണ് മലബാർ ട്രേഡേഴ്‌സിൽ കവർച്ച ശ്രദ്ധയിൽ പെട്ടത്. മൂന്നുമാസത്തിനുള്ളിൽ അഞ്ചുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇവിടെ നിന്ന് കവർച്ച പോയിരുന്നു. സ്റ്റോക്കിൽ വൻകുറവ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സെപ്റ്റംബർ രണ്ടിന് പുലർച്ചെ രണ്ടുപേർ കടയുടെ ഷട്ടർ തുറന്ന് സാധനങ്ങൾ ചാക്കുകളിലാക്കി കടത്തുന്നത് കണ്ടെത്തുകയായിരുന്നു.