കൂത്തുപറമ്പ്: സമരത്തിന് പോവുകയായിരുന്ന വാഹനങ്ങൾ തടഞ്ഞ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പുറക്കളത്ത് ചെങ്കൽ തൊഴിലാളികൾ റോഡ് ഉപരോധിച്ചു. സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിലായിരുന്നു റോഡ്ഉപരോധം. അരമണിക്കൂറിന് ശേഷം പൊലീസ് പിൻവാങ്ങിയതോടെയാണ് ഉപരോധം പിൻവലിച്ചത്.രാവിലെ പത്ത് മണിയോടെ പുറക്കളം പെട്രോൾ പമ്പിന് മുന്നിൽ വച്ചാണ് നാലോളം മിനിലോറികൾ കൂത്തുപറമ്പ് പൊലീസ് തടഞ്ഞത്.

സി.ഐ.ടി.യു.വിന്റ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന ചെങ്കൽ തൊഴിലാളികളുടെ സമരത്തിന് പുറപ്പെട്ട ലോറികളായിരുന്നു പൊലീസ് തടഞ്ഞത്. ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്നാണ് വാഹനങ്ങൾ തടഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം. സമരവളണ്ടിയർമാരെ അപ്രതീക്ഷിതമായി വഴിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു.നേതൃത്വത്തിൽ തൊഴിലാളികൾ റോഡ് ഉപരോധിക്കുകയായിരുന്നു.രണ്ട് പൊലീസുകാർ മാത്രമെ വാഹനങ്ങൾ തടയുമ്പോൾ സ്ഥലത്തുണ്ടായിരുന്നുള്ളു.ഇത് ഏറെ നേരം പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റത്തിനിടയാക്കി. അപ്പോഴേക്കും സി.ഐ.ടി യു.നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു.നേതാക്കൾ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടർന്നാണ് പൊലീസ് പിൻവാങ്ങിയത്. അപ്രതീക്ഷിതമായി ഉണ്ടായ റോഡ് ഉപരോധത്തെ തുടർന്ന് നിരവധി വാഹനയാത്രക്കാരാണ് പെരുവഴിയിലായത്.

(പുറക്കളത്ത് നടന്ന റോഡ് ഉപരോധം)