30 പേർക്ക് സഞ്ചരിക്കാവുന്ന ഫൈബർ തോണി വാങ്ങിയത് ഒരു ലക്ഷം മുടക്കി

തൃക്കരിപ്പൂർ: നാലുകോടി രൂപ ചെലവിൽ പണിത തൂക്കുപാലവും തുടർന്ന് പഞ്ചായത്തധികൃതർ നൽകിയ കടത്തു തോണിയും തകർന്നതോടെ യാത്രാദുരിതം നേരിടുന്ന നാട്ടുകാർ സർക്കാർ സഹായം കാക്കാതെ സ്വന്തമായി തോണി വാങ്ങി സർവ്വീസ് ആരംഭിച്ചു.

അധികൃതരുടെ വാഗ്ദാനങ്ങൾ പാഴ്‌വാക്കായതോടെയാണ് തൃക്കരിപ്പൂർ കടപ്പുറത്തെ നാട്ടുകാർ കടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് സ്വന്തമായി കടത്ത് തോണി വാങ്ങാൻ നിർബ്ബന്ധിതരായത്. നാട്ടുകാർ സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപ ഉപയോഗിച്ച് മാഹിയിൽ നിന്നുമാണ് 30 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഫൈബർ തോണി തൃക്കരിപ്പൂർ കടപ്പുറത്ത് എത്തിച്ചത്. ഇതിന്റെ ആദ്യ സർവീസ് നാളെ ആരംഭിക്കും.

പൊട്ടിപ്പൊളിഞ്ഞ ഫൈബർ തോണിയിൽ വർഷങ്ങളായി ഭീതിയോടെ കായൽ കടക്കുന്ന കടലോര ജനതയ്ക്ക് ഇപ്പോൾ വാങ്ങിയ തോണി താൽക്കാലിക ആശ്വാസമാകും. മാടക്കാൽ ഭാഗത്തെ കടവിൽ പുതുതായി ജെട്ടിയും നാട്ടുകാർ നിർമിച്ചു.

ഒടുങ്ങാത്ത പ്രതിഷേധം, എന്നിട്ടും

യാത്രാദുരിതം രൂക്ഷമായതോടെ പ്രദേശ വാസികൾ പഞ്ചായത്ത് ഓഫീസിന് മുന്നിലും കവ്വായി കായലിലും കരയിലും നിരന്തരം പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ഒന്നര വർഷം മുമ്പ് വലിയപറമ്പ് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ മാടക്കാൽ തൃക്കരിപ്പൂർ കടപ്പുറം കടത്തിനായി പുതിയ തോണി അനുവദിച്ചതായി അന്നത്തെ
ജില്ലാ കളക്ടർ പ്രഖ്യാപിക്കുകയും തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ ആവശ്യമായ തുക അനുവദിക്കുമെന്നും പറഞ്ഞിരുന്നു. കാത്തിരുന്നു മടുത്ത പ്രദേശവാസികൾ കടവ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിലും മറ്റു സംഘടനകളും നിരവധി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.

ജെട്ടിയും ഉപയോഗശൂന്യം
തൃക്കരിപ്പൂർ കടപ്പുറം ഭാഗത്ത് മൂന്നു ലക്ഷത്തോളം രൂപ ചെലവിട്ട് അധികൃതർ നിർമിച്ച ജെട്ടി കടത്തുതോണി അടുപ്പിക്കാനാവാതെ ഉപയോഗ ശൂന്യമായി. ഇവിടെയുള്ള പഴയ ജെട്ടി പൊട്ടിത്തകർന്ന് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുകയുമാണ്.