kiifb

കാസർകോട്: കിഫ്‌ബി പദ്ധതികളിൽ ആഡിറ്റ് നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ സ്വന്തം നിലയിൽ നടത്താൻ യു.ഡി.എഫ് നീക്കം തുടങ്ങി. ഇതിനായി നിയമവിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടന്നുവരികയാണ്. കിഫ്ബിയിൽ ആഡിറ്റ് നടത്തുന്നതിന് ഹൈക്കോടതിയെ സമീപിക്കണോ അതല്ല ബദൽ മാർഗം തേടേണ്ടതുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

കിഫ്‌ബി വഴി നടപ്പിലാക്കുന്ന കെ.എസ്.ഇ.ബി പദ്ധതികൾക്കും സി.എ.ജി ആഡിറ്റ് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതോടെയാണ് യു.ഡി.എഫ് മറു നീക്കം ആരംഭിച്ചത്. കെ.എസ്.ഇ.ബിയിൽ നിലവിൽ സി.എ.ജി ആഡിറ്റുണ്ട്. എന്നാൽ കിഫ്ബിയിൽ ആഡിറ്റ് ഇല്ലാത്തതിനാൽ വലിയ പദ്ധതികൾ ആഡിറ്റ് ചെയ്യാനുള്ള സാദ്ധ്യത കുറവാണ്. 50,000 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് കിഫ്‌ബി വഴി നടപ്പിലാക്കുന്നത്.

കിഫ്ബിയിൽ ഉൾപ്പെടുത്തി ചെയ്ത കോട്ടയം, കോലത്തുനാട് ലൈനുകൾ, ബ്രഹ്മപുരം കാപ്പൂർ പദ്ധതി, മൂന്നാർ ചിത്തിരപുരം ട്രാൻസ് ഗ്രിഡ് സബ്‌സ്റ്റേഷൻ വർക്ക് എന്നിവയിൽ അഴിമതി ആരോപിച്ചാണ് സി.എ.ജി ആഡിറ്റ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.