മട്ടന്നൂർ: സി. പി. എമ്മിന്റെ കറവപ്പശുവായി കിയാലിനെ മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു. കിയാലിന്റെ കണക്കുകൾ പരിശോധിക്കാൻ സി.എ.ജിയെ അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ എയർപോർട്ട് കവാടത്തിൽ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പാച്ചേനി.

കണ്ണൂർ എയർപോർട്ട് സ്വകാര്യ കമ്പനിയാണെന്നാണ് ഇപ്പോൾ കിയാലിന്റെ വാദം, 35 ശതമാനം ഓഹരി സംസ്ഥാന സർക്കാരിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെയും ഷെയറുകൾ ഉൾപ്പെടെ 84 ശതമാനം ഓഹരികൾ പൊതു മേഖലയിലുള്ള ഒരു സ്ഥാപനത്തെയാണ് സ്വകാര്യ കമ്പനിയെന്ന് പറഞ്ഞ് അഴിമതിയും ധൂർത്തും നടത്താൻ അധികൃതർ ഉപയോഗപ്പെടുത്തുന്നതെന്നും പാച്ചേനി പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്റ് ചന്ദ്രൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. കെ പി സിസി ജനറൽ സെക്രട്ടറിമാരായ വി എ നാരായണൻ, അഡ്വ.സജീവ് ജോസഫ്,ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി.മുസ്തഫ, എം. നാരായണൻ കുട്ടി, സോണി സെബാസ്റ്റ്യൻ, വി വി പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, ഡോ. കെ. വി. ഫിലോമിന, കെ. സി . മുഹമ്മദ് ഫൈസൽ, ടി. വി. രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

കണ്ണൂർ എയർപോർട്ട് കവാടത്തിൽ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യുന്നു