ഇരിട്ടി: കാലവർഷം തോറും തകർച്ച തുടർക്കഥയായ വളയംചാൽ തൂക്കുപാലം വീണ്ടും പുനർ നിർമ്മിച്ചു. ശനിയാഴ്ച വളയം ചാലിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ടി.വി സുഭാഷാണ് പാലം യാത്രക്കാർക്കായി തുറന്നുകൊടുത്തു.
ആറളം ഫാമിനെ കണിച്ചാർ , കേളകം പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നതാണ് ആറളം വനമേഖലയിൽ നിന്നും ഒഴുകിവരുന്ന ചീങ്കണ്ണിപ്പുഴക്ക് കുറുകേ നിർമ്മിച്ചിരിക്കുന്ന ഈ തൂക്കുപാലം. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ മൂന്ന് തവണയും ഇപ്രാവശ്യം രണ്ട് തവണയും ഈ പാലം തകർന്നിരുന്നു. ഓരോ തവണയും ലക്ഷങ്ങൾ മുടക്കിയാണ് പാലം പുനർ നിർമ്മിക്കുന്നത്. ഗ്രാമപഞ്ചായത്തും ആദിവാസി പുരനധിവാസ മിഷനും ചേർന്ന് ലക്ഷങ്ങൾ മുടക്കി പുനർനിർമ്മിച്ച ശേഷമാണ് ഇത്തവണയും പാലം നിശ്ശേഷം തകർന്നത്.
ആറളം പുനരധിവാസ മേഖലയിലെ നിരവധിപേരാണ് ഈ പാലം വഴി നിത്യവും യാത്രചെയ്യുന്നത്. പാലം തകർന്നതോടെ കേളകത്തുനിന്നും ഫാം സ്‌കൂളിൽ എത്തുന്ന കുട്ടികൾക്കും ഫാമിൽ നിന്നും കണിച്ചാർ, കേളകം, മണത്തണ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകേണ്ട കുട്ടികൾക്കും യാത്ര ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു .
ജില്ലാ കളക്ടർ ഇടപെട്ട് ഫെഡറൽ ബാങ്കിന്റെ സഹായത്താലാണ് ഇപ്പോൾ പുനർ നിർമ്മാണം നടത്തിയത്. നബാർഡിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വളയംചാൽ പാലത്തിനും ഓടൻതോട് പാലത്തിനുമായി ഒൻപത് കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ ഓടൻതോട് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും വളയംചാൽ പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്.
പാലം നാട്ടുകാർക്കായി തുറന്നു കൊടുത്ത ചടങ്ങിൽ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ ആസിഫ്.കെ.യൂസഫ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ്.പ്രസിഡന്റ് വി.സി സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ. വേലായുധൻ, ആറളം വൈൽഡ് ലൈഫ് വാർഡൻ എ. സജ്‌ന, പി.കെ. സുരേഷ് ബാബു, ഡി.എസ്. ദീപു, ജാക്വിലിൻ ഫൈനി ഫർണാണ്ടസ്, സൈറ്റ് മാനേജർ പി.പി. ഗിരീഷ് എന്നിവർ സംസാരിച്ചു.

(പടം വളയംചാൽ തൂക്കൂപാലം ജില്ലാ കലക്ടർ ടി.വി സുഭാഷ് പ്രദേശവാസികൾക്കായി തുറന്നുകൊടുക്കുന്നു )