കാസർകോട്: ട്രാൻസ് ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ക്വിക് വെരിഫിക്കേഷൻ നടത്തി തയാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തു വിടാൻ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു.
വൈദ്യുതി വകുപ്പിൽ കരാർ ഏറ്റെടുത്ത കമ്പനിക്ക് കൂടുതൽ തുക നൽകിയുള്ള അഴിമതി പുറത്തായപ്പോൾ മുഖ്യമന്ത്രി യു ഡി എഫ് നേതാക്കളെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കള്ളം കൈയോടെ പിടിച്ചപ്പോൾ മുഖ്യമന്ത്രിക്കും സി പി എം നേതാക്കൾക്കും വിറളി പിടിക്കുകയാണ്. മുഖ്യമന്ത്രി ഭയപ്പെടുത്തിയാൽ പേടിച്ചോടുന്നവരല്ല യു ഡി എഫ് നേതാക്കൾ. .ജയിലിലെ ഭക്ഷണം കാണിച്ചു ഭയപ്പെടുത്തുന്ന പിണറായി വിജയൻ ലാവ്‌ലിൻ കേസ് 30 സുപ്രീംകോടതിയിൽ വിചാരണക്ക് എടുക്കുന്നതിന്റെ ഭയപ്പാടിലാണ്.
'എനിക്ക് ചേരുന്ന തൊപ്പിയെ ഞാൻ തലയിൽ വയ്ക്കാറുള്ളൂ. സംസ്ഥാനത്ത് വികസനം തടയുന്നതിനു നിന്ദ്യവും നീചവുമായ നീക്കമാണ് ഞാൻ നടത്തുന്നതെന്ന് പറയുന്ന പിണറായി വിജയൻ ഗീബൽസിന്റെ ത്രന്തമാണ് പയറ്റുന്നത്. കിഫ്ബിയിൽ സി.എ.ജിയുടെ ആഡിറ്റിംഗ് നടത്തണമെന്നു മാത്രമാണ് ഞാൻ പറഞ്ഞത്. കിഫ്ബിയിൽ നടക്കുന്ന അഴിമതിയുടെ ചെറിയ ഒരു ഭാഗമേ ഞാൻ പുറത്തു വിട്ടിട്ടുള്ളൂ. അപ്പോൾ തന്നെ ഹാലിളകിയ മട്ടിലാണ്.. ഇടതു മുന്നണിക്കും സി പി എമ്മിനും പണമുണ്ടാക്കാനാണ് പദ്ധതികൾക്ക് 65 ശതമാനം പണം അധികം നൽകിയത്. കോട്ടയം, കോലത്തുനാട് ലൈനുകളിൽ 150 കോടിക്ക് തീർക്കേണ്ട ട്രാൻസ് ഗ്രിഡ് പദ്ധതി 350 കോടി ചെലവിട്ടാണ് തീർക്കുന്നത്- ചെന്നിത്തല പറഞ്ഞു.