arrest

ചെറുപുഴ: ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ ആത്മഹത്യയ്‌ക്കും തുടർന്ന് അഞ്ചു പേരുടെ അറസ്റ്റിനും പിന്നിൽ നീണ്ട നാളത്തെ അണിയറക്കഥകൾ. ട്രസ്റ്റിന്റെ പേരിൽ പിരിച്ച പണം വകമാറ്റി ചെലവഴിച്ചെന്നും ട്രസ്റ്റിനെ വഞ്ചിച്ച് സ്വകാര്യ കമ്പനിയുണ്ടാക്കി എന്നുമുള്ള പരാതിയിലാണ് അറസ്റ്റ്.

2011ലാണ് കെ. കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചത്. ഏഴംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയാണ് ഉണ്ടായിരുന്നത്. ട്രസ്റ്റിന്റെ പേരിൽ 46 ലക്ഷം രൂപ പിരിച്ചതായി പരാതിക്കാർ പറയുന്നു. ഈ പണം ആശുപത്രി തുടങ്ങുന്നതിന് തികയാതെ വന്നതിനാൽ ഷോപ്പിംഗ് മാളുകൾ നിർമ്മിച്ച് വിൽക്കാനും അതിന്റെ ലാഭവിഹിതം ട്രസ്റ്റിന് കൈമാറാനുമായിരുന്നു തീരുമാനം. അതിനായി ചെറുപുഴ ഡെവലപ്പേഴ്‌സ് എന്ന പങ്കാളിത്ത സ്ഥാപനം തുടങ്ങി. ഇതിൽ പരാതിക്കാരെ ഉൾപ്പെടുത്തിയില്ല.

എഴുപത് സെന്റ് സ്ഥലത്ത് 62 മുറികളുള്ള ഷോപ്പിംഗ് മാൾ നിർമ്മിക്കുകയും ചെയ്തു. മുതുപാറകുന്നേൽ ജോസഫായിരുന്നു കരാറുകാരൻ. എന്നാൽ, ഇവിടെ നിർമ്മിച്ച മുറികൾ വില്പന നടത്തി കിട്ടിയ ലാഭം ട്രസ്റ്റിന് നൽകാതെ മറ്റാവശ്യങ്ങൾക്ക് വിനിയോഗിച്ചു. ട്രസ്റ്റ് ട്രഷററായിരുന്ന ടി.വി. അബ്ദുൾ സലിം മാനേജിംഗ് ഡയറക്ടറായി ചെറുപുഴ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സ് (സിയാഡ് ) എന്ന കമ്പനിയും രൂപീകരിച്ചു. മുറികൾ വിറ്റുകിട്ടിയ ട്രസ്റ്റിന്റെ ലാഭം സിയാഡ് തട്ടിയെടുത്തതായും പണമിടപാടുകളുടെ കണക്കുകൾ സുതാര്യമല്ലെന്നും പരാതിയുയർന്നു.

ട്രസ്റ്റ് വൈസ് ചെയർമാൻമാരായ ജയിംസ് പന്തമാക്കൽ, വി.പി. ദാസൻ എന്നിവർ എട്ട് മാസം മുൻപ് കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി. നടപടി ഉണ്ടാവാത്തതിനാൽ പയ്യന്നൂർ മജിസ്‌ട്രേട്ട് കോടതിയിൽ കഴിഞ്ഞ മാസം 27ന് ഹർജി ഫയൽ ചെയ്തു. തുടർന്ന് അന്വേഷണത്തിന് കോടതി നിർദ്ദേശിക്കുകയായിരുന്നു.