കാസർകോട്: മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആർ.ജയാനന്ദ ഇടതു സ്ഥാനാർത്ഥിയാകും. ഇന്നു ചേരുന്ന ജില്ലാ കമ്മിറ്റി യോഗം ജയാനന്ദന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്യും. ചൊവ്വാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം.
നിലവിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ജയാനന്ദ. മുൻ എം.എൽ.എ സി.എച്ച് കുഞ്ഞമ്പു മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിച്ചിരുന്നു. യു ഡി എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമാകും. ബി .ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന രവീശതന്ത്രി കുണ്ടാർ, സംസ്ഥാന ഭാരവാഹി പി.സുരേഷ് കുമാർ ഷെട്ടി എന്നിവരാണ് എൻ.ഡി.എയുടെ ലിസ്റ്റിൽ.കഴിഞ്ഞ തവണ 87 വോട്ടുകൾക്ക് പരാജയപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഇനി മഞ്ചേശ്വരത്ത് മത്സരത്തിനില്ലെന്ന് നേരത്തേ പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ സുരേന്ദ്രൻ സ്ഥാനാർത്ഥി ആയേക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.സി.ഖമറുദ്ദീനാണ് മുൻതൂക്കം. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, മുസ്‌ലിംലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സി.ടി.അഹമ്മദലി, സി. മുനീർ ഹാജി എന്നിവരെയും ലീഗ് നേതൃത്വം പരിഗണിക്കുന്നുണ്ട്.