അമ്മമാരുടെ സ്ഥിരം പരാതിയായിരിക്കും അവരുടെ കുഞ്ഞ് യാതൊരു ഭക്ഷണവും കഴിക്കുന്നില്ല എന്നത്. എല്ലാ അമ്മമാർക്കും ശിശുക്കളുടെ ഭക്ഷണരീതികളെ കുറിച്ചും താല്പര്യങ്ങളെ കുറിച്ചും പല തെറ്റിദ്ധാരണകളും ഉണ്ട്. ഭക്ഷണം നല്കുമ്പോൾ കുട്ടി കഴിക്കാൻ മടി കാട്ടുന്നതോടെ അവർ അസുഖബാധിതരാണെന്ന നിഗമനത്തിലായിരിക്കും ചിലപ്പോൾ എത്തിച്ചേരുക. എന്നാൽ, ശിശുക്കളുടെ ആരോഗ്യത്തെ കുറിച്ചും ആഹാരത്തെ കുറിച്ചും നന്നായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
കുട്ടികൾ ഒരിക്കലും എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞ് കരയാറില്ലെന്നുള്ളത് അറിയുക. പലപ്പോഴും അമ്മമാർ കുഞ്ഞിന്റെ കരച്ചിൽ കേട്ടയുടൻ മുലപ്പാലോ കുറുക്കോ ഒക്കെ കൊടുക്കുകയാണ് പതിവ്. കുട്ടി എല്ലായ്‌പ്പോഴും കരയുന്നത് ഭക്ഷണത്തിന് വേണ്ടിയല്ല. അത് മനസിലാക്കാതെ കുട്ടിക്ക് വീണ്ടും വീണ്ടും ഭക്ഷണം കൊടുത്ത് വയറുനിറച്ചാൽ ദഹനശേഷിക്കുമേൽ ഭാരമാകുന്നു.
അമിതമായ ആഹാരം കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പലതരത്തിലുള്ള രോഗാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. ചില അമ്മമാർക്ക് മുലപ്പാൽ കുറവായിരിക്കും. മുലപ്പാൽ കുറവാണെങ്കിൽ മറ്റ് കുറുക്കുകൾ കുഞ്ഞിന് കൊടുക്കുന്നതിൽ തെറ്റില്ല. എന്നാൽ, കൃത്യമായ ഇടവേളകളിൽ ഭക്ഷണം കൊടുക്കുക എന്നത് പരമപ്രധാനമാണ്. ആറു മാസം കഴിഞ്ഞാൽ മുലപ്പാലുകൊണ്ട് മാത്രം കുട്ടികളുടെ വിശപ്പ് മാറില്ല എന്ന ധാരണയും തെറ്റാണ്. ധാരാളമായി മുലപ്പാലുണ്ടെങ്കിൽ ആരോഗ്യകരമായ ഭക്ഷണം മുലപ്പാൽ തന്നെയാണ്. ശിശുക്കളെ പരിചരിക്കുമ്പോൾ വളരേയേറെ ശ്രദ്ധ ആവശ്യമാണ്. ശുചിത്വം പാലിച്ചില്ലെങ്കിൽ രോഗങ്ങൾ പെട്ടെന്നുപിടിപെടാൻ സാദ്ധ്യതയുള്ളവരാണ് കുഞ്ഞുങ്ങൾ.
ഡോ. ഇറിന എസ്. ചന്ദ്രൻ
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട,
തളിപ്പറമ്പ്
ഫോൺ 9544657767.