ksd-court
adv.aloor

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത എട്ടാം പ്രതി സി.പി.എം പ്രവർത്തകൻ സുബീഷിന്റെ ജാമ്യഹർജിയിൽ വാദിക്കാൻ പ്രമുഖ അഭിഭാഷകൻ ബി.എ. ആളൂർ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലെത്തി. സ്വന്തം അംഗരക്ഷകരുടെ സംരക്ഷണയിലാണ് ആളൂർ കോടതിയിൽ ഹാജരായത്. ആളൂരിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുമെന്ന പ്രചാരണം നടന്നിരുന്നെങ്കിലും തടയാനോ കരിങ്കൊടി കാണിക്കാനോ ആരുമെത്തിയില്ല. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ സംഘത്തിലെ പ്രതിയാണ് ചുമട്ടു തൊഴിലാളിയും പാക്കം വെളുത്തോളി സ്വദേശിയുമായ സുബീഷ്. സംഭവം നടന്ന് ഏഴു മാസത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ജില്ലാ കോടതിയിൽ സുബീഷ് ജാമ്യാപേക്ഷ നൽകുകയായിരുന്നു. നേരത്തെ ഈ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ആളൂരിന് മുംബയിൽ കേസുള്ളതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. രാവിലെ 11 ന് മുമ്പ് തന്നെ ആളൂരും സഹഅഭിഭാഷകരും എത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ പി.വി. ജയരാജനും കോടതിയിൽ ഹാജരായി. തുടർന്ന് കേസ് കോടതി പരിഗണിക്കുന്നത് 25 ലേക്ക് മാറ്റി. കേസിലെ 9,10,11 പ്രതികൾ നേരത്തെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇവർക്കു വേണ്ടി അഡ്വ. രാംകുമാറാണ് കോടതിയിൽ ഹാജരായത്. ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ഇതിനു പിന്നാലെയാണ് കേസിലെ പ്രധാന പ്രതികളിൽ ഒരാളെന്ന് അന്വേഷണസംഘം കണ്ടെത്തിയ സുബീഷിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതി പരിഗണിക്കുന്നത്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നില്ലെന്ന വാദമാണ് പ്രധാനമായും ജാമ്യാപേക്ഷയിൽ സുബീഷ് ഉന്നയിച്ചിരിക്കുന്നത്.


കോടതിയിലെത്തിയത് കുടുംബം പറഞ്ഞിട്ട് : അഡ്വ. ആളൂർ

പെരിയ കേസിൽ സുബീഷിന്റെ കുടുംബം സമീപിച്ചത് കൊണ്ടാണ് ജാമ്യാപേക്ഷയിൽ വാദിക്കാൻ കോടതിയിലെത്തിയതെന്ന് അഡ്വ.ആളൂർ പറഞ്ഞു. പാർട്ടി തന്നോട് കേസുമായി ബന്ധപ്പെട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ഒന്നാംപ്രതിയുടെ കേസും ഏറ്റെടുക്കും. ജയിലിൽ പോയി അവരെ കണ്ട ശേഷം കോടതിയിൽ വക്കാലത്ത് കൊടുക്കുമെന്നും ആളൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു.