കണ്ണൂർ: മേയർ തിരഞ്ഞെടുപ്പിലും ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയത്തിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തെ ചൂടുപിടിപ്പിച്ച് പ്രതിപക്ഷം . സെൻട്രൽ മാർക്കറ്റിലെ ഡെപ്പോസിറ്റ് തുക കുറക്കാനുള്ള വിഷയം അജണ്ടയിൽ ഏറ്റവും ഒടുവിൽ ചർച്ചയ്ക്ക് എടുത്തതോടെ ഇടത് അംഗങ്ങൾ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് ഭരണപക്ഷത്തെ ചില അംഗങ്ങളുടെ അസാന്നിദ്ധ്യം മണത്തറിഞ്ഞാണ്. അപകടം തിരിച്ചറിഞ്ഞ ഭരണപക്ഷമാകട്ടെ വോട്ടെടുപ്പിന് വഴങ്ങാതെ കഷ്ടിച്ച് പിടിച്ചുനിൽക്കുകയായിരുന്നു.

പരമ്പരാഗതമായി മാർക്കറ്റിൽ കച്ചവടം നടത്തിയിരുന്നവർക്ക്

നിലവിൽ 40 ശതമാനം ഡെപ്പോസിറ്റായിരുന്നു ഈടാക്കിയിരുന്നത്. എന്നാൽ ഉയർന്ന ‌ഡെപ്പോസിറ്റ് തുക നൽകാതെ പലരും പിൻവാങ്ങിയതോടെ മാർക്കറ്റ് പേരിൽ മാത്രമൊതുങ്ങി. എല്ലാവരിൽ നിന്നും തുക ഈടാക്കി ഓപ്പൺ ടെൻഡർ നടത്താമെന്നാണ് ഭരണ സമിതിയുടെ തീരുമാനം. ഇത് ചർച്ചയ്ക്കെടുത്തോടെയാണ് പ്രതിപക്ഷം ബഹളവുമായെത്തിയത്. തങ്ങൾ നേരത്തെ ഈ നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ എതിർത്തവരാണ് ഇപ്പോൾ ഇക്കാര്യം ഉന്നയിക്കുന്നതെന്നായിരുന്നു സി.പി.എം പ്രതിനിധിയായ പ്രമോദിന്റെ ആരോപണം. അതേസമയം മാർക്കറ്റിനെ പ്രധാന കേന്ദ്രമാക്കി ഉയർത്താനുള്ള ശ്രമത്തെ ഇടതുപക്ഷം തടയാൻ ശ്രമിക്കുന്നതെന്നായിരുന്നു ലീഗ് കൗൺസിലർ സലീമിന്റെ ചെറുത്തുനിൽപ്പ്.

കൗൺസിലിൽ മൂന്ന് ഭരണ പക്ഷ കൗൺസിലർമാർ പല കാരണങ്ങളാൽ പങ്കെടുത്തിരുന്നില്ല. ഇത് തിരിച്ചറിഞ്ഞാണ് ഇടതുപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. മേയർ ഇതിന് വഴങ്ങാതിരുന്നതോടെ ഡയസിന് ചുറ്റും കൂടി ബഹളമായി. തുടർന്ന് പ്രതിപക്ഷം വിയോജന കുറിപ്പ് എഴുതിയതോടെ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.

ജനനി പദ്ധതിക്ക് ഭിന്നശേഷിക്കാരെ മാറ്റണോ

ജില്ലാ ഹോമിയോ ആശുപത്രിയുടെ ജനനി പദ്ധതിയ്ക്ക് പുതിയ കെട്ടിടമൊരുക്കാൻ ഭിന്നശേഷിക്കാരുടെ സ്വയം തൊഴിൽ സ്ഥാപനം മാറ്റാനുള്ള ആവശ്യം പരിശോധിക്കാൻ കൗൺസിൽ തീരുമാനം. ആശുപത്രിയുടെ സമീപത്തെ പതിനാലര സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്. ഇതിൽ ഏഴര സെന്റ് സ്ഥലം ആശുപത്രിക്ക് സ്വന്തമായുണ്ട്. ബാക്കി കോർപ്പറേഷന്റെ കീഴിലാണ്. ഇവിടെ ഭിന്നശേഷിക്കാരുടെ സ്വയം തൊഴിൽ സ്ഥാപനം പ്രവർത്തിക്കുകയാണ്. ഇവരെ ഇവിടെ നിന്നു മാറ്റാതെ കെട്ടിടത്തിലെ ഒരു മുറി നൽകാമെന്ന് തീരുമാനിച്ചാണ് ടെൻഡറുമായി മുന്നോട്ട് പോയത്. എന്നാൽ ഇത് മാറ്റണമെന്നാണ് സർക്കാർ ആവശ്യം. 15 വർഷമായി 15 ഭിന്നശേഷിക്കാർ സ്വയംതൊഴിൽ ചെയ്യുന്ന ഇടമാണ് പ്രതീക്ഷ. ഇവരുടെ യാത്രാ ബുദ്ധിമുട്ടുകളും കണക്കിലെടുക്കണമെന്ന വാദമുണ്ട്. സ്ഥാപനം താത്കാലികമായി മാറ്റാനും ഭാവിയിൽ ആശുപത്രി കെട്ടിടത്തിൽ നിലനിർത്താനുള്ള സാഹചര്യം പരിശോധിക്കുമെന്നാണ് മേയർ സുമാ ബാലകൃഷ്ണന്റെ പ്രതികരണം.