കാസർകോട്: കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോണഗ്രസിലെ ലിസി തോമസിനെതിരെ സി.പി.എം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 16 അംഗ ഭരണകക്ഷിയിൽ യു.ഡി.എഫ് 6, സി.പി.എം 7, ബി.ജെ.പി 3 എന്നിങ്ങനെയാണ് കക്ഷി നില. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ചർച്ചയിൽ നിന്നും വിട്ടുനിന്നു. ഏഴ് സി.പി.എം അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാനെത്തി. എന്നാൽ കോറം തികയാത്തതിനാൽ അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. ബി.ജെ.പി പിന്തുണയോടെയാണ് കോൺഗ്രസ് പഞ്ചായത്തിൽ ഭരണം നടത്തുന്നത്.
രണ്ടാം തവണയും അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് സി.പി.എമ്മിനു തിരിച്ചടിയായി. ബി.ജെ.പി പ്രമേയത്തെ പിന്തുണയ്ക്കും എന്ന വിശ്വാസത്തിലാണ് സി.പി.എം നോട്ടീസ് നൽകിയത്. അതിനിടെ കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോൺഗ്രസ് അംഗം ജോസഫ് പാറത്തട്ടേൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത് സി. പി.എമ്മിന് കനത്ത തിരിച്ചടിയായി. വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം വിജയിച്ചാൽ സി.പി.എമ്മിന് നാണക്കേടാവുകയും ചെയ്യും. ബി.ജെ.പിയുടെ വൈസ് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ സി.പി.എമ്മിനെ പരാജയപ്പെടുത്താൻ കിട്ടിയ അവസരം ബി.ജെ.പി ഉപയോഗിക്കും.