കാസർകോട്: റവന്യു ഉദ്യോഗസ്ഥർ രാത്രി റെയ്ഡ് നടത്തി പിടികൂടി ഏല്പിച്ച മണൽ ലോറി പൊലീസ് സ്റ്റേഷനിൽ നിന്ന് മണൽമാഫിയ കടത്തിക്കൊണ്ടുപോയി. കഴിഞ്ഞദിവസം മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ നിന്നാണ് മണൽ ലോറി കടത്തിയത്. മഞ്ചേശ്വരം ഡെപ്യുട്ടി തഹസിൽദാരും സംഘവും തലപ്പാടിക്ക് കിഴക്ക് കർണ്ണാടക അതിർത്തിയിലെ തലക്കി എന്ന സ്ഥലത്ത് നിന്ന് പിടികൂടിയ കെ.എ 19-എ.എ 7432 നമ്പർ മണൽ ലോറിയാണ് സ്റ്റേഷനിൽ ഏല്പിച്ചിരുന്നത്. പൊലീസ് സ്റ്റേഷൻ വളപ്പിൽ സ്ഥലമില്ലാതിരുന്നതിനാൽ കോമ്പൗണ്ടിന് പുറത്താണ് വാഹനം നിർത്തിയിട്ടത്. രാവിലെ നോക്കിയപ്പോൾ മണൽ ലോറി കാണാനില്ലായിരുന്നു. രാത്രി പിന്നാലെ എത്തിയ മണൽമാഫിയ ലോറി കടത്തിയതാകുമെന്ന് കരുതുന്നു.

സംഭവത്തിൽ ജി.ഡി ചാർജുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിൽ എസ്.ഐ. വിഷ്ണുപ്രസാദ് ലോറി മോഷണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. കർണ്ണാടകയിൽ നിന്ന് കൊണ്ടുവന്നതാണ് ലോറിയെന്ന് കണ്ടെത്തിയിട്ടുണ്ട്.