കൃഷി കൂടുതൽ നശിച്ചത് പനങ്കാവ്, കുശാൽ നഗർ, പുതുക്കൈ പാടശേഖരങ്ങളിൽ
കാഞ്ഞങ്ങാട്: പ്രളയം ഒഴിഞ്ഞുപോയെങ്കിലും കർഷകരിൽ നെഞ്ചിടിപ്പു കൂടുകയാണ്. ഏക്കർ കണക്കിന് വയലുകളിൽ വിരിപ്പു കൃഷിയിറക്കിയ കർഷകർ വെള്ളത്തിൽ നശിച്ച വയലുകളും ചീഞ്ഞളിഞ്ഞ നെൽമണികളും നോക്കി നെടുവീർപ്പിടുകയാണ്.
കാഞ്ഞങ്ങാട് നഗരസഭയിൽ പനങ്കാവ്, കുശാൽ നഗർ, പുതുക്കൈ പാടശേഖരങ്ങളിലാണ് കൃഷിയപ്പാടെ നശിച്ചിട്ടുള്ളത്. കതിരു വന്നതാകട്ടെ ഉപയോഗിക്കാൻ തീർത്തും പറ്റാത്തതും. അടുക്കത്ത് പറമ്പിലെ ശ്രീധരന്റെ നെൽപ്പാടത്തിൽ നെൽമണികൾ അപ്പാടെ നശിച്ച നിലയിലാണ്.
35 വർഷത്തെ അധ്യാപക ജോലിക്കുശേഷം മുഴുവൻ സമയവും കർഷകനായ അദ്ദേഹം നാടിനെ ആകെ ഉത്സവമാക്കിയാണ് വിത്തിറക്കിയത്. നൂറുമേനി പ്രതീക്ഷിച്ച പാടത്തിലാണ് സങ്കടത്തിന്റെ കരിമണികൾ മാത്രം ലഭിച്ചത്. മൂന്ന് ഏക്കറിലാണ് കൃഷിയിറക്കിയത്. കാലവർഷക്കെടുതിയിൽ വെള്ളം കയറിയാണ് കൃഷി നശിച്ചത്.
കാഞ്ഞങ്ങാട് നഗരസഭ കർമ്മ സേന പ്രസിഡന്റുകൂടിയാണ് കെ.പി ശ്രീധരൻ. കൃഷിനാശം നടന്ന പാടം നഗരസഭ വികസന സ്ഥിരം സമിതി ചെർമാൻ എൻ. ഉണ്ണികൃഷ്ണൻ, പാടശേഖരസമിതി അംഗങ്ങൾ എന്നിവർ സന്ദർശിച്ചു.
പൂർണ്ണമായും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും
നഗരസഭ കൃഷിവിഭാഗം കൺവീനർ സന്തോഷ് കുശാൽനഗർ