suicide

കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നു പ്രതികൾക്കെതിരേ പ്രേരണാകുറ്റത്തിനു കൂടി അറസ്റ്റു രേഖപ്പെടുത്തി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. നിലവിൽ വഞ്ചനാകുറ്റത്തിൽ റിമാൻഡിലായ പ്രതികളെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.

കെ. കരുണാകരൻ സ്മാരക ട്രസ്റ്റ് ചെയർമാനും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്ന കെ. കുഞ്ഞികൃഷ്ണൻ നായർ,​ ട്രസ്റ്റ് സെക്രട്ടറി റോഷി ജോസ്,​ ട്രഷററും മുസ്ലീം ലീഗ് നേതാവുമായ പി.വി അബ്ദുൾ സലീം എന്നിവരെയാണ് എസ്.ഐ മഹേഷ് കെ. നായർ കണ്ണൂർ സബ് ജയിലിലെത്തി കസ്റ്റഡിയിൽ വാങ്ങിയത്.

ഇന്ന് ഉച്ചയോടെ തിരികെ ഹാജരാക്കണമെന്ന വ്യവസ്ഥയോടെയാണ് പ്രതികളെ കസ്റ്രഡിയിൽ വിട്ടു നൽകിയത്. ആത്മഹത്യാ പ്രേരണാ കേസിലെ പ്രതിയും കുഞ്ഞികൃഷ്ണൻ നായരുടെ മകനുമായ സുരേഷ് കുമാർ ഇപ്പോഴും ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇതു പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇയാളെ അറസ്റ്റുചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

ജോസഫ് അനുഭവിക്കുന്ന മാനസിക സംഘർഷം സംബന്ധിച്ച് മകൾ എഴുതിയ കത്ത് പ്രതി കുഞ്ഞികൃഷ്ണൻ നായരുടെ വീട്ടിൽ നിന്നും കണ്ടെടുത്തതായി സൂചനയുണ്ട്. മകൾ പൊലീസിൽ നൽകിയ പരാതിയിലാണ് പൊലീസ് നടപടി പുരോഗമിക്കുന്നത്.

സുരേഷ് കുമാർ പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകിയിരുന്നെങ്കിലും ഇയാൾക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.