ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കോറാളി മലയിലെ കരിങ്കൽ ക്വാറിയ്ക്ക് സമീപം ഉരുൾ പൊട്ടലിൽ മണ്ണിനടിയിലായ വീട്ടിൽ തൊഴിലാളികൾ അകപ്പെട്ടിട്ടുണ്ടോയെന്നറിയാൻ തിരച്ചിൽ നടത്തി. തിരച്ചിലിൽ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. മണ്ണിനടിയിലായ വീട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ അകപ്പെട്ടിട്ടുണ്ടോയെന്ന് പരശോധിക്കണമെന്നാവശ്യപ്പെട്ട് കോറാളി ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റി നൽകിയ പരാതിയിലാണ് സ്ഥല പരിശോധന നടന്നത്.

ഇന്നലെ രാവിലെ 11ന് ജെസിബി ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, സ്റ്റന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ റോസിലി ആടിമാക്കൽ, ബിന്ദു ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ജോസഫ് മുള്ളന്മട, പഞ്ചായത്തംഗങ്ങളായ കെ.കെ. ജോയി, വി. കൃഷ്ണൻ മാസ്റ്റർ, കെ. രാജൻ, ഡെപ്യൂട്ടി തഹസീൽദാർ ഇ.കെ. രാജൻ, തിരുമേനി വല്ലേജ് ഓഫീസർ എ.ടി. സന്തോഷ്, പൊലീസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. സ്ഥല പരിശോധന നടത്തുന്നതറിഞ്ഞ് നിരവധി ആളുകളെത്തിയിരുന്നു.


ഫോട്ടോ: കോറാലി മലയിലെ കരിങ്കൽ ക്വാറിയ്ക്ക് സമീപം ഉരുൾ പൊട്ടലിൽ മണ്ണിനടിയിലായ വീട്ടിൽ തൊഴിലാളികൾ അകപ്പെട്ടണ്ടോയെന്നറിയാൻ ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചിൽ.