കാസർകോട്: കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് കർണാടകയുമായി അതിർത്തി പങ്കിടുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ചൂട് തിളച്ചുതുടങ്ങി. 2016ലെ തിരഞ്ഞെടുപ്പിൽ 89 വോട്ടിന് കൈവിട്ടുപോയ മണ്ഡലം പിടിക്കാൻ എൻ.ഡി.എയും നിലനിറുത്താൻ യു.ഡി.എഫും മൂന്നാം സ്ഥാനത്ത് നിന്നും ഒന്നിലേക്ക് കുതിക്കാൻ ഇടതുമുന്നണിയും കച്ചമുറുക്കിയിറങ്ങുന്നു. ഭാഷാ ന്യൂനപക്ഷങ്ങളുടെ ശക്തമായ സ്വാധീനമുള്ള മഞ്ചേശ്വരത്ത് ത്രികോണപ്പോര് തന്നെയാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താൻ നേടിയ പതിനായിരത്തിന് മുകളിലുള്ള ഭൂരിപക്ഷം തന്നെയാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം. എം.എൽ.എ ഇല്ലാതിരുന്നിട്ടും മണ്ഡലത്തിൽ കഴിഞ്ഞ ഒരുവർഷക്കാലം നടപ്പിലാക്കിയ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഇടതുമുന്നണി പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. തങ്ങൾ കഴിഞ്ഞകാലങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള മണ്ഡലത്തിൽ ഇക്കുറി വിജയിക്കാനുറച്ച് തന്നെയാണ് ബി.ജെ.പിയും കളത്തിലിറങ്ങുന്നത്.
1957 മുതൽ ആദ്യ നാല് തിരഞ്ഞെടുപ്പുകളിലും കന്നഡ സമിതി സ്ഥാനാർത്ഥികളെ നിയമസഭയിൽ എത്തിച്ച മണ്ഡലം 1970 മുതലാണ് നേരിട്ട് രാഷ്ട്രീയ പാർട്ടികളെ തുണച്ചു തുടങ്ങിയത്.
എം.ഉമേഷ് റാവുവും കല്ലിഗേ മഹാബല ഭണ്ഡാരി മൂന്ന് തവണയും കേരള നിയമസഭ കണ്ടത് ഭാഷ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയായിരുന്നു. 1970 ലാണ് സി.പി.ഐയുടെ എം.രാമപ്പ മാസ്റ്റർ മണ്ഡലം സ്വന്തമാക്കിയത്. 77ൽ മണ്ഡലം രാമപ്പ മാസ്റ്റർ നിലനിറുത്തി. തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പുകളിലും ഡോ.എ. സുബ്ബറാവുവിലൂടെ സി.പി.ഐതന്നെ മഞ്ചേശ്വരത്ത് വെന്നിക്കൊടി പറിച്ചു. 1980ൽ ലീഗിന്റെ കന്നിക്കാരനായി എത്തി കനത്ത ഭീഷണി ഉയർത്തിയ ചെർക്കളം അബ്ദുള്ളയെ 156 വോട്ടിന് അട്ടിമറിച്ചാണ് സുബ്ബറാവു വിജയിച്ചത്. 1970ലും 77ലും സി.പി.ഐയുടെ രാമപ്പ മാസ്റ്ററും 80ലും 82 ലും സി.പി.ഐയുടെ ഡോ. സുബ്ബറാവും 2006ൽ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പുവുമാണ് മഞ്ചേശ്വരം മണ്ഡലത്തിൽനിന്നും നിയമസഭയിലെത്തിയ ഇടതുപക്ഷക്കാർ.
1982 മുതലാണ് മണ്ഡലത്തിൽ ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമായത്. 1987 മുതൽ തുടർച്ചയായി നാല് തവണ ചെർക്കളം അബ്ദുള്ള മണ്ഡലത്തിൽ വിജയിച്ചുകയറി. 91ൽ ബി.ജെ.പി കെ.ജി മാരാരെ രംഗത്തിറക്കി പോര് മുറുക്കിയപ്പോൾ ചെർക്കളം അബ്ദുള്ളയുടെ ഭൂരിപക്ഷം 1072 വോട്ടിലേക്ക് ചുരുങ്ങി. 2006ലാണ് സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു ഇടതുപക്ഷത്തിന് വേണ്ടി മിന്നും വിജയം കാഴ്ചവച്ചത്. അന്നും ബി.ജെ.പി രണ്ടാംസ്ഥാനത്തെത്തി.
ചെർക്കളം അബ്ദുള്ളയെ മൂന്നാംസ്ഥാനത്ത് തളച്ചു. പിന്നീട് പി.ബി അബ്ദു റസാഖിലൂടെ രണ്ടുതവണ മണ്ഡലം പിടിക്കാൻ മുസ്ലിംലീഗിന് കഴിഞ്ഞെങ്കിലും 2016ൽ കെ.സുരേന്ദ്രൻ ബി.ജെ.പിക്ക് വേണ്ടി കാഴ്ചവച്ചത് അതിശക്തമായ മത്സരമായിരുന്നു. യു.ഡി.എഫ് നേടിയ 89 വോട്ടിന്റെ വിജയം കള്ളവോട്ടിന്റെ ബലത്തിലാണെന്ന് പറഞ്ഞ് സുരേന്ദ്രൻ നിയമ നടപടികളിലേക്കും നീങ്ങി. എന്നാൽ, പി.ബി അബ്ദുറസാഖിന്റെ മരണത്തോടെ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയായിരുന്നു.
പഞ്ചായത്ത് ഭരണം
മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളിഗെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ആറു പഞ്ചായത്തുകൾ യു.ഡി.എഫ് ഭരിക്കുമ്പോൾ പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളിൽ എൽ.ഡി.എഫാണ് ഭരിക്കുന്നത്.
പ്രചാരണ വിഷയം
പി.ബി അബ്ദുറസാഖ് നടത്തിയ വികസന പ്രവർത്തനങ്ങളും സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ തെറ്റായ നയങ്ങളുമൊക്കെ യു.ഡി.എഫ് പ്രചാരണത്തിൽ ഉയർത്തും. 2006ൽ സി.എച്ച് കുഞ്ഞമ്പുവിലൂടെ മണ്ഡലത്തിൽ നടപ്പാക്കിയ വികസനവും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും എൽ.ഡി.എഫ് ജനങ്ങളിലെത്തിക്കും. കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളുൾപ്പെടെയാണ് എൻ.ഡി.എയുടെ മുഖ്യപ്രചാരണ വിഷയം. മണ്ഡലത്തിൽ ഭാഷാന്യൂനപക്ഷങ്ങളുടെ പിന്തുണ പ്രധാനമാണ്. ഇത് നേടിയെടുക്കാൻ മൂന്നു മുന്നണികളും ശ്രമിക്കും. ഇതുതന്നെയാകും വിജയവും നിർണയിക്കുക.
2016ലെ തിരഞ്ഞെടുപ്പ്
പി.ബി. അബ്ദു റസാഖ് (യു.ഡി.എഫ് ): 56,870
കെ. സുരേന്ദ്രൻ (എൻ.ഡി.എ ): 56,781
സി.എച്ച് കുഞ്ഞമ്പു (എൽ.ഡി.എഫ് ): 42,565