നീലേശ്വരം: ഏക ആശ്രയമായ ഭർത്താവിന്റെ ആകസ്മിക മരണത്തോടെ നിരാലംബരായത് നാലംഗ കുടുംബം. ചോയ്യങ്കോട് പോണ്ടിയിലെ വനിതയും മൂന്ന് മക്കളുമാണ് ഗൃഹനാഥനായ ഗോപിയുടെ ആകസ്മിക മരണത്തോടെ വഴിയാധാരമായത്.

രണ്ടുമാസം മുമ്പ് അസുഖബാധിതയായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സിലായിരുന്ന ഭാര്യ മാതാവിനെ ശുശ്രൂഷിക്കാനായി പോയ ഗോപി രോഗശയ്യയിൽ കിടക്കുന്ന ഭാര്യ മാതാവിനെ കണ്ട ഉടനെ തന്നെ തലകറങ്ങി വീണ് ആശുപത്രിയിൽ മരിക്കുകയായിരുന്നു. ഗോപി മരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഭാര്യാ മാതാവും മരിച്ചു.
ഭർത്താവ് ഗോപിയും മാതാവ് കുംഭയും മരിച്ചതോടെയാണ് വനിതയും മക്കളായ ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ ഗോകുൽ, കൂവാറ്റി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഗോപിക, അംഗൻവാടി വിദ്യാർത്ഥി രാഗുൽ എന്നിവരും നിരാലംബരായത്.

നിർമ്മാണ തൊഴിലാളിയായിരുന്നു ഗോപി. ഗോപിയുടെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഓടുമേഞ്ഞതാണെങ്കിലും ആകാശം കാണുന്ന മേൽക്കുരയ്ക്കുമുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട വീട്ടിലാണ് നാലംഗ കുടുംബം കഴിയുന്നത്. മഴ വന്നാൽ വെള്ളം വീട്ടിലേക്ക് ഒലിച്ചിറങ്ങി കിടന്നുറങ്ങാൻ പറ്റാത്ത സ്ഥിതിയാണുള്ളത്.

മരിക്കുന്നതിന് മുമ്പെ പഞ്ചായത്തു വക വീടു കിട്ടുന്നുണ്ടെന്ന വിവരം അറിഞ്ഞ് ഗോപി പഞ്ചായത്ത് ഓഫീസിൽ പല തവണ കയറിയിറങ്ങിയെങ്കിലും പല നൂലാമാലകൾ പറഞ്ഞ് ഗോപിയെ തിരിച്ചയയ്ക്കുകയായിരുന്നുവത്രെ.
ശരീരകാസ്വാസ്ഥ്യമുള്ള വനിതയ്ക്കാണെങ്കിൽ മറ്റു പണികൾക്കൊന്നും പോകാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ കുടുംബഭാരമേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയായ ഗോകുൽ പഠിത്തം മതിയാക്കി കൂലിപ്പണിക്കു പോവാൻ ഒരുങ്ങുകയാണ്.