കണ്ണൂർ: ഗതാഗത കുരുക്കിന് പരിഹാരമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കണ്ണൂർ ബൈപാസിൽ സ്ഥലം നഷ്ടപ്പെടുന്നവർ പ്രതിഷേധത്തിൽ. നഷ്ട പരിഹാരത്തെ ചൊല്ലിയാണ് പ്രതിഷേധം കനക്കുന്നത്. പഴയ എളയാവൂർ പഞ്ചായത്ത് പരിധിയിലെ സ്ഥലം ഉടമകളിൽ ഭൂരിഭാഗത്തെയും നഷ്ട പരിഹാരം നൽകുന്നതിന് മുൻപ് തന്നെ കുടിയൊഴിപ്പിക്കാനുള്ള ശ്രമമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

കടമ്പൂർ-എടക്കാട്-എളയാവൂർ-വലിയന്നൂർ-ചിറക്കൽ-പാപ്പിനിശേരി വഴിയാണ് ബൈപ്പാസ് കടന്നു പോകുന്നത്. എളയാവൂർ പരിധിയിൽ 122 വീടുകൾ കുടിയൊഴിപ്പിക്കേണ്ടി വരും. കടമ്പൂർ മുതൽ പാപ്പിനിശേരി വരെ 20 കിലോ മീറ്റർ ദൂരത്തിലാണ് ബൈപാസുള്ളത്. ഇവിടെ 2013ൽ സ്ഥലം നോട്ടിഫൈ ചെയ്തു. അന്ന് നിശ്ചയിച്ച വിലയും അതിന്റെ പലിശയും ചേർത്താണ് നൽകുക. ഇന്ന് കോർപ്പറേഷനായി ഉയർന്നപ്പോൾ ഈ വില തീർത്തും അപര്യാപ്തമാണെന്നാണ് എതിർപ്പുമായെത്തുന്നവരുടെ ആരോപണം. കാൽഭാഗം ആൾക്കാർക്ക് മാത്രമേ ഇതിനകം നഷ്ട പരിഹാരം നൽകിയിട്ടുള്ളൂ. അതോടൊപ്പം ഏറ്റെടുക്കുന്ന സ്ഥലത്തിനോട് ചേർന്ന് അവശേഷിക്കുന്ന ചെറിയ ഭാഗങ്ങൾക്കും വില നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ട്.

വീട് ഒഴിഞ്ഞു കൊടുക്കേണ്ട സാഹചര്യം മുന്നിൽ കണ്ട് പുതിയ വീടുകൾക്ക് അഡ്വാൻസ് നൽകിയവരും പ്രതിസന്ധിയിലായിട്ടുണ്ട്. വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് വായ്പ എടുക്കേണ്ടവരും ഇതുപോലെ പ്രതിസന്ധിയിലാണ്. ഇക്കാര്യം വേഗത്തിൽ പരിഹരിക്കണമെന്നാണ് ആവശ്യം. പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം.

പ്രതിഷേധവുമായി കളക്ടേറ്റിന് മുന്നിൽ

അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക് ഷൻ കമ്മിറ്റി ഇന്നലെ കളക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു എളയാവൂർ അദ്ധ്യക്ഷത വഹിച്ചു.


നഷ്ടപരിഹാരം നൽകുന്നതിനു മുൻപ് ഒഴിഞ്ഞു പോകുന്ന വീടുകളുടെ താക്കോൽ നൽകണമെന്ന നിർദേശം സമൂഹത്തിൽ നിലനിൽക്കുന്ന സാമാന്യനീതിയുടെ നിഷേധമാണ്-സതീശൻ പാച്ചേനി (ഡി.സി.സി പ്രസിഡന്റ്)​