പേരാവൂർ: ആറളം പുനരധിവാസ മേഖലയിലെ വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും ഒരു പോലെ ആശ്വാസം പകർന്ന് വളയംചാലിൽ പുതിയ കോൺക്രീറ്റ് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. നബാർഡിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓടംതോടിലും വളയംചാലിലും പുതിയ പാലങ്ങൾ നിർമ്മിക്കുന്നത്. ഇവയുടെ പ്രവൃത്തി പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും.

നിലവിലുണ്ടായിരുന്ന ചപ്പാത്ത് പൊളിച്ചുമാറ്റിയാണ് ഓടംതോടിൽ പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നത്.ഇവിടെ ഇതിനോടകം പാലത്തിന്റെ തൂണുകളുടെ നിർമ്മാണം വരെ പൂർത്തിയായെങ്കിലും വളയംചാലിൽ പാലത്തിന്റെ പ്രവൃത്തി തടസപ്പെട്ടിരുന്നു.പാലം നിർമ്മിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു നിർമ്മാണം തടസ്സപ്പെടാൻ കാരണം.പ്രശ്‌നത്തിന് താത്കാലിക പരിഹാരമായതോടെയാണ് വളയംചാൽ പാലത്തിന്റെ പ്രവൃത്തി പുനരാരംഭിച്ചിരിക്കുന്നത്.

ദുരിതയാത്രയ്ക്ക് ശാശ്വതപരിഹാരം

ആറളം ഫാമിനെ കണിച്ചാർ കേളകം പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നതാണ് ചീങ്കണ്ണിപ്പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ കോൺക്രീറ്റ് പാലം.നിലവിൽ പുനരധിവാസ മേഖലയിൽ നിന്നും കണിച്ചാറിലേക്ക് എത്തിച്ചേരേണ്ട വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പ്രദേശവാസികൾക്കുമുള്ള ഏക ആശ്രയം വളയംചാൽ തൂക്കുപാലമാണ്. കഴിഞ്ഞ വർഷവും ഈ വർഷവുമായി നാല് തവണയാണ് മലവെള്ളപ്പാച്ചിലിൽ പാലം തകർന്നത്. ഓരോ തവണയും ലക്ഷങ്ങൾ മുടക്കിയാണ് തൂക്കുപാലം പുനർനിർമ്മിക്കുന്നത്.ഇക്കഴിഞ്ഞ പ്രളയത്തിൽ തകർന്ന തൂക്കുപാലം പുനർനിർമ്മിച്ചത് ജില്ലാ കnക്ടർ കഴിഞ്ഞ ശനിയാഴ്ച നാടിന് സമർപ്പിച്ചിരുന്നു. പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമാകും. അതുകൊണ്ടുതന്നെ പാലത്തിന്റെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പടം :വളയംചാലിലെ കോൺക്രീറ്റ് പലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു