അതിർത്തികളിൽ ക‌ശന പരിശോധന

അന്തിമ വോട്ടർപട്ടിക 30ന്

പ്രശ്ന സാധ്യതാ ബൂത്തുകൾ 42

കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നുവരിയാണെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

198 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ കൊടിയമ്മ പാലം കാലവർഷത്തിൽ പൊളിഞ്ഞതിനെ തുടർന്ന് 147, 148 ബൂത്തുകൾ കൊടിയമ്മ ഹൈസ്‌കൂളിലേക്ക് മാറ്റും. മണ്ഡലത്തിലെ 14 ബൂത്തുകളുടെ പേരിലും മാറ്റമുണ്ടാകും.

ഒമ്പത് അതിർത്തികളിൽ ചെക്ക്പോസ്റ്റിന് സമാനമായ പരിശോധന നടത്തും. വോട്ടർമാർക്ക് സാമ്പത്തിക സഹായമോ പാരിതോഷികങ്ങളോ നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നത് കർശനമായി നിരീക്ഷിക്കുകയും തടയുകയും ചെയ്യും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പട്ടിക പ്രകാരം 1,06,624 പുരുഷന്മാരും 1,05,462 സ്ത്രീകളും അടക്കം 2,12,086 വോട്ടർമാരാണ് മണ്ഡലത്തിൽ ആകെയുള്ളത്. പുതുതായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് 4533 അപേക്ഷകളും പേരു നീക്കം ചെയ്യുന്നതിന് 670 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് 30 നുള്ളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

ബൂത്തുകളിൽ ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരം അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. ഭിന്നശേഷിക്കാർക്കും അവശത അനുഭവിക്കുന്നവർക്കും പ്രയാസരഹിതമായി വോട്ട് ചെയ്യുന്നതിന് സാഹചര്യം ഒരുക്കും. 18 നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നിരീക്ഷണ സംഘങ്ങൾ പ്രവർത്തിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ അടുത്ത ദിവസം മണ്ഡലത്തിൽ എത്തും.

പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള 42 ബൂത്തുകളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.