കൂത്തുപറമ്പ്: കനത്ത മഴയിൽ കൂത്തുപറമ്പിനടുത്ത കോട്ടയം കയനാടത്ത് കിണർ ഇടിഞ്ഞ് വീടിന് കേടുപാടുണ്ടായി. കയനാടം ഖബർസ്ഥാന് സമീപത്തെ എൻ.കെ.മൂസയുടെ വീട്ടുകിണറാണ് ഇടിഞ്ഞത്. ഇന്നലെ പുലർച്ചെ 2 മണിയോടെയുണ്ടായ ശക്തമായ മഴയിലാണ് കിണർ ഇടിഞ്ഞത്.

പൂർണ്ണമായും കെട്ടി സംരക്ഷിച്ചിരുന്ന 17 കോലോളം താഴ്ച്ചയുള്ളതാണ് ഇടിഞ്ഞ കിണർ. ഇതിനോടനുബന്ധിച്ചുള്ള കുളിമുറിയും ഭാഗികമായി തകർന്നു. വീടിന്റെഅസ്ഥിവാരത്തിനും കേടുപറ്റി.വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു.പന്ത്രണ്ട് വർഷം മുൻപാണ് മൂസയുടെ വീടിനോട് ചേർന്ന് കിണർ കുഴിച്ചിരുന്നത്. ഇവരുൾപെടെ രണ്ട് വീട്ടുകാർ ഉപയോഗിക്കുന്നതായിരുന്നു കിണർ. സ്ഥലത്തെത്തിയ കൂത്തുപറമ്പ് ഫയർഫോഴ്‌സാണ് കുടുംബത്തോട് മാറിത്താമസിക്കാൻ നിർദ്ദേശിച്ചത്.പൂർണ്ണമായും അപകടാവസ്ഥയിലായ കിണർ പിന്നീട് മണ്ണിട്ട് മൂടി. കോട്ടയം പഞ്ചായത്ത് അധികൃതരും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

(അപകടാവസ്ഥയിലുള്ള കിണർ മണ്ണിട്ട് മൂടുന്നു)