കാസർകോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിംലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് എം.സി. കമറുദ്ദീൻ മത്സരിക്കും. ഇന്നലെ പാണക്കാട്ട് നടന്ന ലീഗ് യോഗത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
പ്രതിഷേധമുയർത്തിയ മഞ്ചേശ്വരം മണ്ഡലം നേതാക്കളുമായി വിഷയം ചർച്ച ചെയ്തതോടെയാണ് മഞ്ഞുരുകിയത്. അന്തരിച്ച ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ വിശ്വസ്തനായിരുന്നു കമറുദ്ദീൻ. എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശം. മികച്ച പ്രാസംഗികനും മാപ്പിളപ്പാട്ട് ഗായകനും കൂടിയാണ് പടന്ന എടച്ചാക്കൈ സ്വദേശിയായ കമറുദ്ദീൻ. നിലവിൽ യു.ഡി.എഫ് ജില്ലാ ചെയർമാനുമാണ്. ചെർക്കളം അബ്ദുള്ള നാലു തവണയും പി.ബി. അബ്ദുൾ റസാഖ് രണ്ടു തവണയും വിജയിച്ച മണ്ഡലം നിലനിറുത്തുകയെന്ന ഭരിച്ച ഉത്തരവാദിത്വമാണ് കമറുദ്ദീന് ഇനി നിർവഹിക്കാനുള്ളത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കമറുദ്ദീന്റെ പേര് മഞ്ചേശ്വരത്തും കാസർകോട്ടും സജീവമായി പരിഗണിച്ചിരുന്നെങ്കിലും പാണക്കാട് തങ്ങളുടെ നിർദ്ദേശം മാനിച്ച് ഒടുവിൽ അദ്ദേഹം പിന്മാറുകയായിരുന്നു.