കാഞ്ഞങ്ങാട് ഡിപ്പോയിൽ 25 ഡ്രൈവർമാരുടെ കുറവ്

കാഞ്ഞങ്ങാട്: സർവീസ് നടത്താൻ ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ബസ്സുകൾ പലതും കട്ടപ്പുറത്തായതും റോഡിന്റെ ശോചനീയാവസ്ഥയും കാരണം രാത്രിയാത്രക്കാർ അടക്കം ദുരിതത്തിലാകുന്നു.

മലയോര ജനതയുടെ യാത്രാക്ലേശത്തിന് പരിഹാരമായി മാസങ്ങൾക്ക് മുൻപ് കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ച പാണത്തൂർ - കാഞ്ഞങ്ങാട് ചെയിൻ സർവീസും പാളിയിരിക്കുകയാണ്. ഇതിനായി പുതുതായി ഡിപ്പോയ്ക്ക് നാല് പുത്തൻ ബസ്സുകൾ അനുവദിച്ചിട്ടും ജീവനക്കാരുടെ കുറവിനാൽ സർവീസ് തുടങ്ങാൻ സാധിക്കുന്നില്ലെന്നാണ് അധികൃതരുടെ വാദം. പത്ത് ബസ്സുകളാണ് പാണത്തൂർ സർവീസിന് ആവശ്യം. നാല് ബസ്സുകൾ അനുവദിച്ചിട്ടും ചെയിൻ സർവീസ് നടത്താത്തത് സ്വകാര്യ ബസ്സുടമകളുടെ ഇടപെടലാണെന്നും ആക്ഷേപമുണ്ട്.

രാത്രി എട്ടുമണി കഴിഞ്ഞാൽ ഒരു മണിക്കൂർ പിന്നിട്ട ശേഷമാണ് കാസർകോട്ടു നിന്ന് ദേശീയപാതവഴി കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. രാത്രി എട്ടിനും എട്ടരയ്ക്കും ഇടയിൽ കാസർകോട്ടു നിന്ന് ദേശീയപാത വഴി കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആർ.ടി.സി ബസ് ഷെഡ്യൂൾ പ്രകാരമുണ്ടെങ്കിലും പല ദിവസങ്ങളിലും ഓടാത്തത് രാത്രി യാത്രക്കാരെ ദുരിതത്തിലാക്കുന്നു.

25 ഓളം ഡ്രൈവർമാരുടെ കുറവ് ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ സുള്ള്യയിലേക്കുള്ള അന്തർ സംസ്ഥാന സർവീസടക്കം നിലവിൽ പത്തോളം സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ടെങ്കിലും ഈ റൂട്ടിൽ സ്വകാര്യ ബസ്സുകൾക്കാണ് മേൽക്കോയ്മ.