ശ്രീകണ്ഠപുരം: ദില്ലിയിൽ നിന്നും നാട്ടിലേക്ക് ലീവിന് വരുന്നതിനിടെ തീവണ്ടിയിൽ നിന്നും വീണ് മരിച്ച ശ്രീകണ്ഠപുരം കാഞ്ഞിലേരിയിലെ എം.വി. പ്രജിത്തിന്റെ ( 26) മൃതദേഹമാണ് ഗുജറാത്തിലെ തഹേജ് സർക്കാർ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
വിമാന മാർഗ്ഗം മൃതദേഹം നാട്ടിലെത്തിക്കാൻ നടത്തിയ നീക്കം ചില സാങ്കേതിക കാരണങ്ങളാൽ നടന്നില്ല തുടർന്ന് റോഡ് മാർഗ്ഗം ആംബുലൻസിലാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം സ്വദേശമായ കാഞ്ഞിലേരിയിൽ എത്തിച്ചത്. തുടർന്ന്് ബാലൻകരി കൈരളി ആർട്‌സ് ക്ലബിലും വീട്ടിലും പൊതു ദർശനത്തിന് ശേഷം നഗരസഭ പൊതു ശ്മശാനമായ ശാന്തി തീരത്തിൽ സംസ്‌കരിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കണ്ണൂർ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കരിച്ചത്.
കേരള എക്‌സ്പ്രസിൽ യാത്ര ചെയ്യവെ ഗുജറാത്തിലെ ബറോഡയ്ക്ക് സമീപം വച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പ്രജീഷ് ട്രെയിനിൽ നിന്നും തെറിച്ച് വീണത്.ടോയ് ലറ്റിലേക്ക് പോയ പ്രജീഷ് ഏറെ സമയം കഴിഞ്ഞും മടങ്ങി വരാത്തത് ശ്രദ്ധയിൽ പെട്ട സഹ യാത്രക്കാരാണ് റയിൽവേ പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് ഗുജറാത്ത് പൊലീസും ഗുജറാത്ത് മലയാളി അസോസിയേഷൻ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചലിലാണ് ഒരു ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തിയത്. ഹരിയാനയിൽ സൈനികനായ പ്രജിത്ത് ലീവിന് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. പരേതനായ മാവില പുരുഷോത്തമന്റെയും തങ്കമണിയുടെയും മകനാണ്. ശ്രീജിത്ത് ഏക സഹോദരൻ.