തിരുവനന്തപുരം/ഇരിട്ടി: കണ്ണൂർ ആയുർവ്വേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഇരിക്കൂർ കല്യാട്ട് 36 ഏക്കർ സ്ഥലം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പടിയൂർ കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് തട്ടിൽ സ്ഥാപിക്കുന്ന രാജ്യത്തിലെ തന്നെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ഫെബ്രുവരി 22നാണ് തറക്കല്ലിട്ടത്. 300 കോടി ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുന്നത്. 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.

ആയുർവേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാന വികസനത്തിന് ആയുർവേദത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യ സമന്വയിപ്പിച്ചുകൊണ്ടുള്ള ക്ലിനിക്കൽ റിസർച്ച്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആശുപത്രി എന്നിവ ഗവേഷണ കേന്ദ്രത്തിലുണ്ടാവും. ജീവിത ശൈലീ രോഗങ്ങൾ, വാർധക്യകാല രോഗ ചികിത്സ എന്നിവയിൽ ഗവേഷണ പരിപാടികൾ ആരംഭിക്കും. വൈദ്യശാസ്ത്ര അറിവുകളാൽ അമൂല്യമായ താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യും. ആയുർവേദ ജ്ഞാനങ്ങളും ലോകത്തിലെ വിവിധ പാരമ്പര്യ ചികിത്സാ രീതികളും പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര മ്യൂസിയവും ഇതിന്റെ ഭാഗമായി നിലവിൽ വരും.