കാസർകോട്: ജില്ലാ പ്രസിഡന്റ് എം.സി. കമറുദ്ദീനെ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മഞ്ചേശ്വരത്ത് ഇന്നലെ ചേർന്ന മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റി യോഗത്തിൽ തർക്കവും പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവുമുണ്ടായി.
മണ്ഡലം കമ്മിറ്റി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച എ.കെ.എം. അഷറഫിനെ അനുകൂലിക്കുന്നവരും കമറുദ്ദീനെ അനുകൂലിക്കുന്നവരും തമ്മിലാണ് തർക്കം തുടങ്ങിയത്. ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മണ്ഡലത്തിൽ എത്തി ചർച്ച നടത്തിയശേഷം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായാൽ മതിയെന്നാണ് മണ്ഡലം കമ്മിറ്റിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. അതേസമയം പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് എ.കെ.എം. അഷറഫ് പറഞ്ഞത്.
കണ്ണൂർ അബ്ദുള്ള വിമതനാകും
മുൻ അദ്ധ്യാപക സംഘടനാ നേതാവും യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ കണ്ണൂർ അബ്ദുള്ള മുസ്ലിംലീഗിന്റെ വിമതനായി മത്സരിക്കും. ഇദ്ദേഹം ഇന്നു തന്നെ നാമനിർദ്ദേശ പത്രിക നൽകാനുള്ള നീക്കം തുടങ്ങി. മണ്ഡലത്തിന് അകത്തുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് മണ്ഡലം കമ്മിറ്റി ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനു വിരുദ്ധമായി പ്രഖ്യാപനം നടത്തിയതിൽ പ്രതിഷേധിച്ചാണിത്. 32 വർഷം അദ്ധ്യാപകനായിരുന്ന അബ്ദുള്ള 12 വർഷം മണ്ഡലം യൂത്ത് ലീഗ് ഭാരവാഹിയായിരുന്നു.