കാസർകോട്: മഞ്ചേശ്വരത്ത് സി.പി.എം സ്ഥാനാർത്ഥിയായി സംസ്ഥാന സമിതി അംഗം സി.എച്ച് കുഞ്ഞമ്പു തന്നെ മത്സരിച്ചേക്കും. ജില്ലാ സെക്രട്ടേറിയേറ്റ് യോഗം കുഞ്ഞമ്പുവിനെയാണ് നിർദ്ദേശിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
2006ൽ ചെർക്കളം അബ്ദുള്ളയെ പരാജയപ്പെടുത്തി മഞ്ചേശ്വരം നിയോജകമണ്ഡലം തിരിച്ചു പിടിച്ചത് സി.എച്ച് കുഞ്ഞമ്പുവാണ്. ഇതിനുശേഷം കഴിഞ്ഞ തവണയടക്കം മത്സരിച്ചെങ്കിലും ജയിക്കാനായില്ല. കാസർകോട് ബേവൂരി സ്വദേശിയാണ് അഭിഭാഷകൻ കൂടിയായ അദ്ദേഹം.
പിതാവ് അമ്പു കാരണവർ, മാതാവ് കുഞ്ഞമ്മാർ അമ്മ, ബേഡഡുക്കയിൽ 1959 ആഗസ്റ്റ് 20നാണ് ജനനം. ഭാര്യ: എം. സുമതി. ബി.എ, എൽ.എൽ.ബി ബിരുദധാരിയായ ഇദ്ദേഹം കാസർകോട് ബാറിലെ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കണ്ണൂർ, കോഴിക്കോട് സർവകലാശാലകളുടെ സെനറ്റ് മെമ്പറായിരുന്നു. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. കേരള കർഷകസംഘം പ്രസിഡന്റുകൂടിയാണ്.