ഉദുമ: വീഡിയോഗ്രാഫർ ചെമ്പിരിക്കയിലെ കുഞ്ഞിക്കണ്ണന്റെ മകൻ അനിൽ കണ്ണനെ (45) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യാവിഷൻ, സൂര്യ ടിവി എന്നീ ചാനലുകളിലടക്കം പ്രവർത്തിച്ചിരുന്ന അനിൽ കണ്ണൻ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ദേശീയ ചാനലിലും ഏറെക്കാലം കാമറമാനായി പ്രവർത്തിച്ചുവന്നിരുന്നു. ദർശന ചാനലിലും ഡൽഹിയിലെ വീഡിയോ ഗ്രാഫറായി ജോലി ചെയ്തിരുന്നു. കുറച്ചു നാൾ പാലക്കുന്നിൽ സ്റ്റുഡിയോ നടത്തിയിരുന്നു. ചെമ്പിരിക്കയിലെ ഒരു ക്വാർട്ടേഴ്സിലാണ് അനിൽ കണ്ണൻ താമസിച്ചുവന്നിരുന്നത്. ബുധനാഴ്ച വൈകിട്ട് ചെമ്പിരിക്ക റെയിൽവേ ട്രാക്കിലാണ് അനിൽ കണ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അമ്മ: മാധവി. ഭാര്യ: അശ്വതി. മകൻ: ശിവഹരി. സഹോദരങ്ങൾ: ദാമോദരൻ, അരവിന്ദൻ, സതീശൻ, ലക്ഷ്മി, അനിത.