കണ്ണൂർ: മോട്ടോർ വാഹന വകുപ്പിൽ കഴിഞ്ഞദിവസം ഇറങ്ങിയ 11 എം.വി.ഐമാരുടെ സ്ഥലംമാറ്റ ഉത്തരവ് വിവാദമാകുന്നു. മാനദണ്ഡങ്ങൾ മറികടന്നാണ് സ്ഥലംമാറ്റമെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ ലക്ഷങ്ങൾ മറിഞ്ഞു എന്നാണ് ജീവനക്കാർക്കിടയിലെ മുറുമുറുപ്പ്. സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സേഫ് കേരളയിലെ ഉദ്യോഗസ്ഥരെ ഓഫീസുകളിലേക്ക് മടക്കി അയയ്ക്കൽ എന്നിവയിലാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. സീനിയോറിറ്റിയോ മറ്റ് മാനദണ്ഡങ്ങളോ നോക്കാതെ അവരവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചതെന്നാണ് ആക്ഷേപം. ഇവർക്ക് മുകളിലുള്ള 60പേരെ മറികടന്നാണ് സ്ഥലംമാറ്റമത്രെ. ഉന്നതങ്ങളിൽ പിടിപാടുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇതിനായി ചരടുവലിച്ചതെന്ന ആരോപണവും ശക്തമാണ്.
5 ലക്ഷം മുതൽ 10 ലക്ഷം രൂപാവരെ വിലപേശിയും അധികാര സ്വാധീനം ഉപയോഗിച്ചുമാണ് സ്ഥലംമാറ്റം എന്നാണ് അണിയറയിൽ നടക്കുന്ന ചർച്ച. ഇതിൽപെട്ട ഒരാൾക്ക് സ്ഥാനക്കയറ്റത്തോടെ കാസർകോട്ടേക്ക് സ്ഥാലംമാറ്റം ലഭിച്ചിരുന്നു. എന്നാൽ, ഇയാൾ കാസർകോട് നിന്നും ഏഴാംദിവസം കണ്ണൂരിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്തി. സ്ഥലംമാറ്റം കിട്ടിയവരിൽ ഏറെയും സേഫ് കേരള പദ്ധതി പ്രകാരം ജോലിചെയ്യുന്നവരാണ്.
സേഫ് കേരള പദ്ധതിയിൽ ജോലിചെയ്യുന്നവർക്ക് സ്ഥലംമാറ്റം രണ്ടുവർഷത്തിനുശേഷം മാത്രമേ പാടുള്ളൂ എന്നത് വകുപ്പ് കൈക്കൊണ്ട പൊതുനിലപാടാണ്. ഇപ്പോൾ ഇറങ്ങിയിട്ടുള്ള സ്ഥലംമാറ്റ ഉത്തരവിൽ 'ഓൺ റിക്വസ്റ്റ്' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പദ്ധതി തുടങ്ങി രണ്ടുവർഷം തികയുന്നതിന് മുമ്പ് സ്ഥലംമാറ്രം പാടില്ലെന്ന സർക്കാർ നിലപാടിന് വിരുദ്ധമായാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കാതെ 11 പേർക്ക് മാത്രമായി എങ്ങനെ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ കഴിഞ്ഞു എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. കണ്ണൂർ ജില്ലയിലുള്ള ഒരു ഭരണകക്ഷി നേതാവും ഇയാളുടെ മറ്റൊരു ബന്ധുവും ഇതിന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്. ബന്ധു നേരത്തേയും 'കാര്യം തടയുന്ന' ചെക്ക്പോസ്റ്റുകൾ പോലുള്ള ഓഫീസുകൾ ലക്ഷ്യംവച്ച് സ്ഥലംമാറ്റം സംഘടിപ്പിച്ചിരുന്നുവത്രെ.
പരാതി ഉണ്ടെങ്കിൽ പരിശോധിക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ
മോട്ടോർ വാഹന വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ രേഖാമൂലം സമർപ്പിക്കാമെന്നും പരാതിയിൽ കഴമ്പുണ്ടെങ്കിൽ പരിശോധിച്ച് നടപടി എടുക്കുമെന്നും ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ 'ഫ്ളാഷി'നോട് പറഞ്ഞു. നേരത്തേയും ഇത്തരം പരാതികൾ വന്നിരുന്നു. അപ്പോഴെല്ലാം പരിശോധിച്ച് തിരുത്താൻ വകുപ്പ് തയാറായിട്ടുണ്ട്. പരാതി നൽകാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും മന്ത്രി പറഞ്ഞു.