കണ്ണൂർ: കെട്ടിടങ്ങളുടെ കാലപ്പഴക്കം കാരണം കണ്ണൂർ മാപ്പിളബേയിലെ ഫിഷറീസ് ക്വാർട്ടേഴ്‌സുകളിൽ ജീവിതം ദുരിതപൂർണം. 1966 ൽ കേരള ഫിഷറീസ് വകുപ്പ് ഇൻഡോനോർവീജിയൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച കെട്ടിടങ്ങൾ ഏതുസമയത്തും വീഴാവുന്ന സ്ഥിതിയിലാണ്. ഫിഷറീസ് വകുപ്പ് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും താമസിക്കുന്നതിനായാണ് ക്വാർട്ടേസുകൾ നിർമ്മിച്ചത്.
17 ക്വാർട്ടേഴ്‌സുകളിൽ 5 ക്വാട്ടേഴ്‌സുകൾ മാത്രമാണ് താമസ യോഗ്യം.പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. ചുറ്റുമതിൽ കെട്ടി കെട്ടിടങ്ങൾ പുതുക്കി പണിയുന്നതിന് പ്രൊപ്പോസൽ നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഒന്നും തന്നെ ഇല്ല.ഏകദേശം അര നൂറ്റാണ്ടോളം കാലപ്പഴക്കമായിട്ടും ആവശ്യമായ യാതൊരു വിധ അറ്റകുറ്റപണികളും നടത്താത്ത ഈ ഓടിട്ട കെട്ടിടങ്ങളിലാണ് ഇപ്പോഴും ജീവനക്കാർ കുടുംബ സമേതം താമസിക്കുന്നത്. കാലപ്പഴക്കവും ചോർച്ചയും കാരണം കഴുക്കോലുകളും പട്ടികയും ജീർണ്ണിച്ചും ചിതലെടുത്തും അടർന്നു വീഴുന്നതും ഓടുകൾ നിലം പൊത്തുന്നതും ഇവിടെ പതിവാണ്. എല്ലാ വർഷവും മഴക്കാലത്ത് ചോർച്ച ഉണ്ടാകുമ്പോൾ മുകളിൽ പ്ലാസ്റ്റിക്ക് ഷീറ്റുകൾ വിരിക്കുകയാണ് പതിവ്. ശുചി മുറി സംവിധാനങ്ങൾ വരെ പഴകിയതിനാൽ പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കാറുമുണ്ടെന്ന് താമസക്കാർ പറയുന്നു.
ക്വാർട്ടേഴ്‌സുകളിലെ വൈദ്യുതി വിതരണ സംവിധാനം കാലപ്പഴക്കത്താൽ ജീർണ്ണിച്ചതിനാൽ ജീവനു തന്നെ ഭീഷണിയാവുകയാണ്. 2003ലാണ് ഈ ക്വാർട്ടേഴ്‌സുകളിൽ പേരിനെങ്കിലും അറ്റകുറ്റപണികൾ നടന്നത്.
ജീർണ്ണിച്ച കെട്ടിടങ്ങൾ പൊളിച്ച് പുതിയ കെട്ടിടം താമസിക്കാനായി നൽകണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇതേ തുടർന്ന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുവാൻ ഫിഷറീസ് ഡയറക്ടർ കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് 34 ക്വാർട്ടേഴ്‌സുകൾ നിർമ്മിക്കുന്നതിനായി 1.81 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു എസ്റ്റിമേറ്റാണ് കണ്ണൂർ ഹാർബർ എൻജിനീയറിഗ് വിഭാഗം അധികൃതർ നൽകിയത്.
ബൈറ്റ്
ക്വാർട്ടേഴ്‌സുകളുടെ എണ്ണം പരമാവധി 15 ആയി ചുരുക്കി എസ്റ്റിമേറ്റ് തുക പകുതിയോളമെങ്കിലും കുറയ്ക്കാവുന്ന തരത്തിൽ പുതുക്കി സമർപ്പിക്കാം- ഫിഷറീസ് ജീവനക്കാർ
അക്കം
1966ൽ ക്വാർട്ടേസ് നിർമ്മാണം
53 വർഷം പഴക്കം
17 ക്വാർട്ടേഴ്സ്
5 എണ്ണം താമസയോഗ്യം
1.81 കോടി പുതിയ ക്വാർട്ടേഴ്സ് നിർമ്മിക്കാൻ എസ്റ്റിമേറ്റ്
ജല സംഭരണിയും അപകടാവസ്ഥയിൽ
ഫിഷറീസ് കോംപ്ലക്‌സിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരുടെയും ക്വാർട്ടേഴ്‌സുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെയും ആവശ്യത്തിന് വേണ്ടി ശുദ്ധജലം ലഭ്യമാക്കുന്നതിന് നിർമ്മിച്ച ജല സംഭരണിയും പൊട്ടി പൊളിഞ്ഞ് വീഴാറായ സ്ഥിതിയിലാണ്. കോൺക്രീറ്റ് അടർന്നു വീണ് കമ്പികൾ തുരുമ്പെടുത്ത് ഏത് സമയത്തും നിലം പതിക്കാവുന്ന അപകടരകരമായ അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ജല സംഭരണി മാറ്റി സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.