sankar

കാസർകോട്: യക്ഷഗാന, തുളു, കന്നട നാടക മേഖലകളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടായി സജീവ സാന്നിദ്ധ്യമാണ് മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർത്ഥി എം. ശങ്കർ റൈ (59). കേരള യക്ഷഗാന കലാ ക്ഷേത്രം പ്രസിഡന്റായിരുന്നു. കന്നട, തുളു, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിൽ പ്രാവീണ്യമുണ്ട്. ബാഡൂർ എ.എൽ.പി സ്‌കൂളിൽ നിന്ന് പ്രധാനാദ്ധ്യാപകനായി വിരമിച്ചു. മികച്ച പ്രഭാഷകനുമാണ്.

സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റി അംഗമായ ശങ്കർ റൈ നേരത്തേ പുത്തിഗെ സിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ദേലംപാടി മഹാലിഗേശ്വരം ക്ഷേത്രം പ്രസിഡന്റാണ്. കർഷക കുടുംബത്തിൽ പിറന്ന റൈ പതിനെട്ടാം വയസിൽ പുത്തിഗെയിലെ കമ്യൂണിസ്റ്റ് നേതാവ് വൈ. അനന്തൻ മാസ്റ്ററുടെ നേത‌ൃത്വത്തിലാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പുത്തിഗെ പഞ്ചായത്തിലെ ബാഡൂർ മണ്ടപ്പാടിയിലാണ് താമസം. അച്ഛൻ തിമണ്ണ റൈ നാട്ടുവൈദ്യനാണ്, അമ്മ: ഗോപി. ഭാര്യ: കാവേരി. മക്കൾ: സന്തോഷ്, രാജേഷ്, രശ്മി.